തിരുവനന്തപുരം: കാലാവധി അവസാനിച്ച 23 ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
എപിഡമിക് ഡിസീസ് ഓർഡിനൻസ്, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് (ഭേദഗതി) ഓർഡിനൻസ്, ഗുഡ്സ് ആന്റ് സർവീസസ് ടാക്സ് (ഭേദഗതി) ഓർഡിനൻസ്, വിദ്യാഭ്യാസ (ഭേദഗതി) ഓർഡിനൻസ്, മിനറൽസ് (വെസ്റ്റിംഗ് ഓഫ് റൈറ്റ്സ്) ഓർഡിനൻസ്, അഗ്രിക്കൾച്ചറൽ വർക്കേഴ്സ് ഭേദഗതി ഓർഡിനൻസ് തുടങ്ങിയവ ഇതിൽ പെടും.
2010 ൽ അനുവദിച്ചതും 2011- 12 ൽ പ്രവർത്തനം ആരംഭിച്ചതുമായ സംസ്ഥാനത്തെ അഞ്ച് ഗവ.. ഹയർസെക്കൻഡറി സ്കൂളുകളിൽ മൂന്ന് എച്ച്.എസ്.എസ്.ടി തസ്തികകളും എട്ട് എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികകളും സൃഷ്ടിക്കും. ആറ് എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യും. കൊല്ലം ജവഹർ , അണക്കര , മഞ്ചേരി , തിരൂർ ബി.പി. അങ്ങാടി , വെസ്റ്റ് കല്ലട ഗവ. ഹയർസെക്കൻഡറി സ്കൂളുകളിലാണ് തസ്തികകൾ. കേരള സിറാമിക്സ് ലിമിറ്റഡ് ഓഫീസർമാരുടെ ശമ്പള പരിഷ്കരണം വ്യവസ്ഥകൾക്ക് വിധേയമായി നടപ്പാക്കും. സാമ്പത്തിക ആനുകൂല്യങ്ങൾക്ക് ഉത്തരവ് തീയതി മുതലേ പ്രാബല്യമുണ്ടാകൂ.
കോഴിക്കോട് തോട്ടകടവത്ത് വൈഷ്ണവത്തിൽ വിഷ്ണുവിന് കൃത്രിമക്കാൽ ഘടിപ്പിക്കുന്നതിന് 1,97,000 രൂപ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്നും അനുവദിക്കും.
കോഴഞ്ചേരി മൈലപ്ര മേക്കോഴൂർ തടത്തിൽ വീട്ടിൽ മോഹനന് പത്തനംതിട്ട അഡിഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ചുമത്തിയ ഒരു ലക്ഷം രൂപ പിഴ ഒഴിവാക്കി നൽകുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും ..