തിരുവനന്തപുരം: കെ.പി.സി.സി നിർവാഹക സമിതി അംഗവും കോവളം മുൻ എം.എൽ.എയുമായ ജോർജ് മേഴ്‌സിയർ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 7.30നായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ: പി.പ്രസന്നകുമാരി (റിട്ട. മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക്). മക്കൾ: അരുൺ ജോർജ്, അനൂപ് ജോർജ്. സംസ്കാരം ഇന്ന് 11:30ന് പാളയം സെന്റ് ജോസഫ് പള്ളിയുടെ പാറ്റൂർ സെമിത്തേരിയിൽ.
1952 ജൂലായ് 12ന് പിയൂസ് മെഴ്സിയർ – ഐറീസ് ക്ലാര മെഴ്സിയർ ദമ്പതികളുടെ മകനായി ജനിച്ചു. 2006-11 കാലഘട്ടത്തിലാണ് കോവളത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയത്. 2011ൽ മത്സരിച്ചെങ്കിലും ജമീല പ്രകാശത്തോട് പരാജയപ്പെട്ടു.
കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. നഗരത്തിലെ ആദ്യ കെ.എസ്.യു യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു. തുടർന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരള സർവകലാശാല അക്കാഡമിക് കൗൺസിൽ അംഗം, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. അഭിഭാഷകനാണ്. ഹൈക്കോടതിയിലും തിരുവനന്തപുരം ജില്ലാ കോടതിയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
1969ൽ കേരള ഫ്‌ളൈയിംഗ് ക്ലബിൽ നിന്ന് സ്റ്റുഡന്റ്‌സ് പൈലറ്റ് ലൈസൻസ് നേടി. സംസ്ഥാനത്ത് പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യ നിയമസഭാ അംഗമാണ്. കോവളം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സമയത്ത് ആയിരം കോടിയുടെ വികസന പദ്ധതികൾക്ക് അനുമതി നേടിയെടുത്തു. കോവളത്തെ കടൽഭിത്തി നിർമ്മാണം, വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വാഴമുട്ടത്തെ ടൂറിസിറ്റ് വില്ലേജ് എന്നിവയ്ക്ക് തുടക്കമിടുന്നതിന് ചുക്കാൻ പിടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, എം.എം. ഹസ്സൻ, വി.എം. സുധീരൻ, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.