pic

വർക്കല: വർക്കല മേൽ വെട്ടൂർ കയറ്റ് ഓഫീസിന് സമീപം ശ്രീലക്ഷ്മിയിൽ ശ്രീകുമാർ (58) ഭാര്യ മിനി ചലപതി (50) മകൾ അനന്തലക്ഷ്മി (26) എന്നിവരെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും. സാമ്പത്തിക ബാദ്ധ്യത മൂലമാണ് കുടുംബം ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച വ്യക്തിയെ അന്വേഷണവിധേയനാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിലെ ഒപ്പ് ദമ്പതികളുടെ ആണോ എന്ന് പരിശോധിക്കാനുള്ള നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്. എന്നാൽ, ശ്രീകുമാറിന്റെയും മിനി ചലപതിയുടെയും ബന്ധുക്കളെ പൊലീസ് ഇതുവരെ ആത്മഹത്യാക്കുറിപ്പ് കാണിക്കുകയോ നിജസ്ഥിതി പരിശോധിക്കുകയോ ചെയ്തിട്ടില്ല .

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയ ദിവസം അടുത്ത ബന്ധുക്കളെയോ അവിടെയെത്തിയ ജനപ്രതിനിധികളെയോ കാണിക്കാൻ പൊലീസ് തയ്യാറാകാത്തതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്ന ന്യായമാണ് പൊലീസ് അന്നു പറഞ്ഞത്.

ചെന്നൈയിലെ ഒരു ഫിനാൻസ് കമ്പനി നാലു കോടി രൂപ വായ്പ നൽകാമെന്ന് പറഞ്ഞ് 16 ലക്ഷം രൂപയുടെ ബോണ്ട് വയ്പിപ്പിച്ചതായി പറയപ്പെടുന്നുണ്ട്. മരണത്തിന് തലേന്ന് തിങ്കളാഴ്ച ദിവസം നാല് കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിക്കാം എന്നു പറഞ്ഞെങ്കിലും തുക ബാങ്കിൽ എത്തിയിരുന്നില്ല.

തിങ്കളാഴ്ച പലതവണ ചെന്നൈയിലെ ഫിനാൻസ് കമ്പനിയിലേക്ക് ശ്രീകുമാർ വിളിച്ചെങ്കിലും അവർ ഫോൺ അറ്റൻഡ് ചെയ്തില്ല. ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ശ്രീകുമാറെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. ഫിനാൻസ് തരപ്പെടുത്തി കൊടുക്കുന്നതിന് കമ്പനിയുടെ എക്സിക്യൂട്ടീവ് വർക്കലയിൽ ശ്രീകുമാറിനെ സമീപിച്ചതായും സൂചനയുണ്ട്. ശ്രീകുമാറിന്റെ ഫോൺ കോൾലിസ്റ്റും ബാങ്ക് അക്കൗണ്ടും വിശദമായി പരിശോധന നടത്തിയാൽ മാത്രമേ കാര്യങ്ങളെക്കുറിച്ച് വ്യക്തത വരൂ.