തിരുവനന്തപുരം: രാജ്യതലസ്ഥാനമായ ഡൽഹിയിൽ 25,700 കോടി രൂപ ചെലവിൽ ദ്വാരകയിലെ 225 ഏക്കർ സ്ഥലത്ത് ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ വരുന്നുണ്ട്. പക്ഷേ, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് അങ്ങനയൊന്നുണ്ടോ എന്ന് ചോദിച്ചാൽ പാഴായിപ്പോയ വാഗ്ദാനങ്ങളുടെ കഥയാവും കേൾക്കാനാവുക. ഡൽഹിയുടെ അത്ര വിപുലമായി വേണ്ടെങ്കിലും ടെക്നോ പാർക്കിലും ടെക്നോസിറ്റിയിലുമടക്കം നിരവധി വിദേശ കമ്പനികൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തിന് ഒരു കൺവെൻഷൻ സെന്റർ ആവശ്യമാണ്. തലസ്ഥാന നഗരിയിൽ ഒരു ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ കോംപ്ലക്‌സിന് അധികൃതർ നേരത്തേ രൂപകല്പന നടത്തിയിരുന്നു. ടെക്നോപാർക്ക് ഉൾപ്പെടെ ഉള്ളതിനാൽ മൈസ് ടൂറിസത്തിന് (മീറ്രിംഗ്, ഇൻസെന്റീവ്, കൺവെഷൻ, എക്‌സിബിഷൻ) ഇത് സഹായകമാകുമെന്നായിരുന്നു അവകാശവാദം. എന്നാൽ, ഇതുവരെ അത് യാഥാർത്ഥ്യമായിട്ടില്ല.

13 കൊല്ലമായുള്ള പ്രയത്നം

2007 ജൂൺ 14നാണ് പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ കോംപ്ലക്സ് പണിയാൻ മുംബയിലുള്ള രഹേജ യൂണിവേഴ്സൽ ഗ്രൂപ്പും ഷാലെറ്റ് ഹോട്ടൽസും സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഉണ്ടാക്കുന്നത്. ആക്കുളം നിഷിന് സമീപത്തെ 49 ഏക്കർ സ്ഥലമാണ് കൺവെൻഷൻ സെന്ററിനായി സർക്കാർ നൽകിയത്. 26 ശതമാനമായിരുന്നു പദ്ധതിയിൽ സർക്കാരിന്റെ പങ്കാളിത്തം. 2008ൽ പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും കുറേക്കാലം ഒന്നും നടന്നില്ല. ഒന്നരവർഷം മുമ്പ് പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തു. 1500 പേർക്ക് ഇരിക്കാവുന്ന ഇരുനിലയിലുള്ള കൺവെൻഷൻ സെന്ററും ഹോട്ടൽ റൂമുകളും ഉൾപ്പെടെയുള്ള പദ്ധതിയുടെ ഒന്നാംഘട്ടം 2020ൽ പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ടൂറിസം വകുപ്പിന് കീഴിലെ കേരളാ ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്രഡിനായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഈ പദ്ധതി വരുന്നതോടെ വേളി, പൊന്മുടി, വർക്കല, കോവളം തുടങ്ങിയ ടൂറിസ്റ്ര് കേന്ദ്രങ്ങൾക്കും ഗുണം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, പദ്ധതിയിൽ കാര്യമായി പുരോഗതിയുണ്ടായില്ലെന്ന് കെ.ടി.ഐ.എൽ എം.ഡി കെ.ജി. മോഹൻലാൽ വ്യക്തമാക്കുന്നു.


ഒന്നാംഘട്ടം

 1500 പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ സെന്റർ

 150 മുറികളുള്ള ഫോർ സ്റ്രാർ ഹോട്ടൽ

 ആകെ വിസ്‌തീർണം - 16,503 ചതുരശ്ര മീറ്രർ

 ഒന്നാംഘട്ടത്തിലെ ചെലവ് - 200 കോടി

രണ്ടാം ഘട്ടം

 മൂന്നുനിലകളിൽ റീട്ടെയിൽ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ

 150 മുറികളുള്ള ഫോർ സ്റ്റാർ ഹോട്ടൽ

 150 മുറികളുള്ള ഫൈവ് സ്റ്രാർ ഹോട്ടൽ

 എല്ലാ ഹോട്ടൽ ബ്ലോക്കുകളിൽ നിന്നും കോവളം - കൊല്ലം ദേശീയ ജലപാതയിലെ ജെട്ടിയിലേക്ക് വഴി

 ഫുഡ് കോർട്ടുകൾ, ഡൈനിംഗ് സെന്ററുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, കുട്ടിൾക്കുള്ള കളിസ്ഥലം, ആംഫി തിയേറ്റർ, 400 കാറുകൾക്കുള്ള പാർക്കിംഗ് കേന്ദ്രം

 ആകെ വിസ്തീർണം - 1.23 ലക്ഷം ചതുരശ്ര മീറ്രർ

ആക്കുളത്തുതന്നെ വേണോ

തിരുവനന്തപുരത്തിന്റെ വികസനത്തിനായി കൺവെൻഷൻ സെന്റർ നിർമ്മിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ, അത് ആക്കുളത്തുതന്നെ വേണോ എന്നുമാണ് പരിസ്ഥിതി പ്രവർത്തകരുടെ ചോദ്യം. നഗരത്തിലെ ഏറ്റവും വലിയ തണ്ണീർതടങ്ങളിലൊന്നാണിത്. കായലായതിനാൽ തീരദേശ നിയമം കെട്ടിട നിർമ്മാണത്തിന് ബാധകമാകും. ഐ.എസ്.ആ‌ർ.ഒ, മാർക്ക് ചെയ്‌ത തണ്ണീർതടമാണ് ഇതെന്നും തണ്ണീർതട നിയമത്തിന്റെ പരിധിയിൽ വരുമെന്നും അവർ ആരോപിക്കുന്നു. എന്നാൽ നിയമത്തിലെ ഭേദഗതി പ്രകാരം പൊതു ആവശ്യത്തിന് തരം മാറ്രാമെന്നാണ് സർക്കാരിന്റെ നിലപാട്.

49 ഏക്കറിൽ കുറേ പ്രദേശം ചതുപ്പ് നിലമായിരുന്നു. തണ്ണീർതടം നികത്തുന്നത് നിയമവിരുദ്ധമായതിനാൽ ചില സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇവിടെയുള്ള പുരയിടത്തെയും ചതുപ്പ് നിലത്തെയും പ്രത്യേകം മാർക്ക് ചെയ്‌ത് കരഭൂമിയിൽ കെട്ടിടങ്ങളുണ്ടാക്കിയും ചതുപ്പ് നിലത്തെ അങ്ങനെതന്നെ നിലനിറുത്തിയും പദ്ധതി നടത്താമെന്നാണ് അധികൃതരുടെ വിശദീകരണം.