തിരുവനന്തപുരം: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട അനശ്വര രാജന് നടിമാരടക്കമുള്ളവരുടെ പിന്തുണ. 'ഞങ്ങൾക്കും കാലുകളുണ്ട്" എന്ന ഹാഷ്ടാഗോടെ നിരവധി പേരാണ് കാൽ വ്യക്തമാക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുന്നത്.
'തണ്ണീർമത്തൻ ദിനങ്ങൾ" എന്ന സിനിമയിലൂടെ ശ്രദ്ധേയായ അനശ്വര ഫോട്ടോ ഷൂട്ടിനായെടുത്ത ഷോർട്സ് ധരിച്ച ചിത്രം ഒരാഴ്ച മുമ്പാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അപ്പോൾ മുതൽ മോശം കമന്റുകളുമെത്തി. അനശ്വരയെ പിന്തുണച്ച് നടിമാരായ റിമ കല്ലിങ്കൽ, നസ്രിയ നസിം, അനാർക്കലി മരയ്‌ക്കാർ, രജിഷ വിജയൻ, അന്ന ബെൻ, അഹാന കൃഷ്ണ, കനി കുസൃതി, അനുപമ പരമേശ്വരൻ, അമേയ, എസ്തർ അനിൽ, ഗ്രേസ് ആന്റണി, അപൂർവ ബോസ്, അർച്ചന കവി, ഗായിക അഭയ ഹിരണ്മയി, നടൻ ഹരീഷ് പേരടി തുടങ്ങിയവർ രംഗത്തെത്തി.
നിറയുന്ന പോസ്റ്റുകൾ
'അത്ഭുതം സ്ത്രീകൾക്കും കാലുകളുണ്ട്" എന്ന അടിക്കുറിപ്പോടെയാണ് നീന്തൽവസ്ത്രത്തിലുള്ള തന്റെ ഫോട്ടോ റിമ പങ്കുവച്ചത്. ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസല്ലെന്ന കുറിപ്പോടെയാണ് അഹാനകൃഷ്ണ ചിത്രമിട്ടത്.
ഭർത്താവ് ഫഹദ്ഫാസിലിനൊപ്പമുള്ള ചിത്രമാണ് നസ്രിയ പങ്ക് വച്ചത്. 'കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന സഹോദരിമാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു" എന്നായിരുന്നു ഹരീഷ് പേരടിയിട്ട ചിത്രത്തിന്റെ കുറിപ്പ്.
'ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോർത്ത് ആശങ്കപ്പെടൂ" എന്ന കുറിപ്പോടെ അതേ വേഷത്തോടെയുള്ള മറ്റൊരു ചിത്രവും അനശ്വര പങ്കുവച്ചു. എന്നാൽ അനശ്വരയെ പിന്തുണയ്ക്കുന്നവർ രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്തപ്പോഴും പീഡിപ്പിക്കപ്പെട്ടപ്പോഴും പ്രതികരിക്കാത്തതെന്താണെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.