vilappilsala

മലയിൻകീഴ്: വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ചികിൽസ തേടി എത്തുന്നവർ നന്നേ ബുദ്ധിമുട്ടുകയാണ് .കൊവിഡിന് മുൻപ് 450ലേറെ രോഗികൾ ഇവിടെ ചികിത്സ തേടിയെത്തിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ആശുപത്രിയിൽ ഏഴു ഡോക്ടർമാരുണ്ടാകണം. എന്നാലിപ്പോൾ മെഡിൽ ഓഫീസർ ഉൾപ്പെടെ മൂന്നു പേർ മാത്രം. ഇതിൽ ഒരു ഡോക്ടർ കൊവിഡ് ഡ്യൂട്ടിയിലാണ്.രണ്ട് ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുന്നത്. ഇവരിലൊരാൾ അവധിയായാൽ രോഗികൾ വലയും.ഉച്ചയ്ക്ക് ശേഷം ആശുപത്രി പ്രവർത്തനരഹിതമാകുമെന്നാൻ് നാട്ടുകാർ പറയുന്നത്. സ്റ്റാഫ് നഴ്സിന്റെ ഒഴിവ് ഇതുവരെ
നികത്തിയിട്ടില്ല. ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ച് 60 വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും എൻ.ആർ.എച്ച്.എം വഴി എത്തിയ അഞ്ച് നഴ്സുമാരാണുള്ളത്.ഫസ്റ്റ് ലൈൻ സെന്ററിൽ ഇവരിലൊരാൾ ഡ്യൂട്ടിയ്ക്ക് പോകുന്നുമുണ്ട്.
12 നഴ്സുമാർ വേണ്ടിടത്ത് ഈ ആശുപത്രിയിൽ അഞ്ചു പേർ മാത്രമേയുള്ളു. ഇവരിൽ മൂന്നു പേർ എൻ.ആർ.എച്ച്.എമ്മിൽ നിന്നും രണ്ട് പേർ ഡി.എം. ഒ.വഴിയുമുള്ള താൽക്കാലിക ജീവനക്കാരാണ്. എട്ട് നഴ്സിംഗ് അസിസ്റ്റന്റുമാരുടെ ഒഴിവ് ഇപ്പോഴും നികത്തപ്പെട്ടിട്ടില്ല. മെഡിക്കൽ ഓഫീസർമാർ റിട്ടയർ ചെയ്തതിന്റെ
ഒഴിവ് അടുത്തിടെയാണ് നികത്തിയത്. 55 രോഗികളെ കിടത്തി ചികിത്സിയ്ക്കാനുള്ള സംവിധാനം ആശുപത്രിയിലുണ്ട്.

ആശുപത്രി ക്ലീനിംഗ് ജോലികൾ ചെയ്യുന്നത് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ശമ്പളം നൽകി നിയമിച്ചവരാണ്. മുറിവ് വച്ചുകെട്ടൽ, ഒപി ടിക്കറ്റെഴുത്ത്, പ്യൂൺ പണി ഇവയൊക്കെ ഇപ്പോൾ ക്ലീനിംഗ് ജീവനക്കാരാണ് ചെയ്യുന്നത്.
ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, സ്റ്റാഫ് നഴ്സ്, ഹെഡ് നഴ്സ് എന്നിവർ ആശുപത്രി രേഖകളിൽ മാത്രമാണുള്ളത്.
വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തെ ഇരുപത്തിമൂന്ന് വർഷം മുൻപാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാക്കി ഉയർത്തിയത്.അപ്പോൾ അനുവദിച്ച തസ്തികകൾ മാത്രമാണ് നിലവിലുള്ളത്.ഹെൽത്ത് ഇൻസ്പെക്ടറെ ഇതുവരെ നിയമിച്ചിട്ടില്ല. അഞ്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരാണുള്ളത്. ജീവനക്കാരെ നിയോഗിക്കുന്നതിൽ അധികൃതരുടെ അലംഭാവം മാറണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വിളപ്പിൽ, മലയിൻകീഴ്,വിളവൂർക്കൽ,കാട്ടാക്കട,വെള്ളനാട് എന്നീ സ്ഥലങ്ങളിലുള്ളവർ വരെ ഇവിടെ ചികിൽസ തേടി എത്താറുണ്ട്. ആശുപത്രിയുടെ പുതിയ ബഹുനിലമന്ദിരം ആറു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത അവസരത്തിൽ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ഉടൻ നിയമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
വി.എസ്.ശിവകുമാർ പ്രഖ്യാപിച്ചിരുന്നു.ഡോക്ടർമാരും ജീവനക്കാരുമില്ലാത്തതിനാൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടാറുണ്ട്. നേരത്തേ ഓപ്പറേഷൻ തിയേറ്റർ, പോസ്റ്റ്പാർട്ടം വാർഡ് എന്നിവ ആശുപത്രിയിലുണ്ടായിരുന്നതായി പഴമക്കാർ പറയുന്നത്. ജില്ലയിലെ മികച്ച ആശുപത്രിയുടെ പട്ടികയിൽ ഇടം നേടിയ വിളപ്പിൽശാല കമ്മ്യൂണിറ്റി സെന്ററിന്റെ ശനിദശയ്ക്ക് കാരണം അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്.സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

പ്രതികരണം :
നേമം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വിളപ്പിൽശാല കമ്മ്യൂണിറ്റി
ഹെൽത്ത് സെന്ററിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അപര്യാപ്തത
പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും.ആശുപത്രിയിൽ ജീവനക്കാരെ
നിയമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക്
പഞ്ചായത്ത് ആരോഗ്യവകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്..
എൽ.ശകുന്തളകുമാരി,
പ്രസിഡന്റ് നേമം ബ്ലോക്ക് പഞ്ചായത്ത്.