ram

രജനീഷ് ഓഷോയുടെ വലിയ ആരാധകരിൽ ഒരാളാണ് മോഹൻലാൽ. ഓഷോയുടെ ജീവിതവീക്ഷണവും കാഴ്ചപ്പാടുകളും കഥകളുമെല്ലാം മോഹൻലാൽ എന്ന വ്യക്തിയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. മോഹൻലാലിന്റെ കയ്യിലുള്ള ഓഷോ തൊപ്പിയും അതുമായി ബന്ധപ്പെട്ട രസകരമായൊരു അനുഭവവും പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്തായ രാമാനന്ദ്. മോഹൻലാലിനെ കാണാൻ പോയപ്പോൾ ഉണ്ടായ ഒരനുഭവമാണ് ജയസൂര്യ ചിത്രം 'കത്തനാരിന്റെ' തിരക്കഥാകൃത്തായ രാമാനന്ദ് പങ്കുവയ്ക്കുന്നത്.

'ഓഷോ തലയിൽ വച്ച് നടന്ന തൊപ്പിയും ലാലേട്ടനും' എന്ന തലക്കെട്ടോടെയാണ് രാമാനന്ദ് തന്റെ അനുഭവം പങ്കുവയ്ക്കുന്നത്.

"ഒരു ഇറ്റാലിയൻ സംവിധായകൻ ലാലേട്ടനെ വച്ച് ഓഷോയുടെ ജീവചരിത്രം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ നൽകിയ സമ്മാനമാണ് ഈ തൊപ്പി, ഓഷോ തലയിൽ വച്ച തൊപ്പി! കണ്ടപ്പോൾ കൗതുകം അടക്കാനായില്ല. ഒന്ന് തലയിൽ വയ്ക്കണം ആ പൊൻകിരീടം എന്ന് തോന്നി. വച്ചു… ഹൃദയം തുടിച്ചു പോയി… എന്നാൽ അത്ഭുതപ്പെട്ടത് മടങ്ങാൻ നേരം ലാലേട്ടൻ ഓഷോയുടെ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോഴാണ്… ഒന്നു കൊണ്ടും വില മതിക്കാനാവാത്ത ആ അപൂർവ വസ്തു ഒരു മമത്വവും ഇല്ലാതെ വച്ചു നീട്ടുന്നതിലെ ഔന്നത്യം കണ്ടിട്ടാണ്…"

കൊതിച്ചു പോയെങ്കിലും, എന്റെ മറുപടി ലാലേട്ടാ ഇത് ഇരിക്കേണ്ടത് ഭഗവാനു ശേഷം അത് ചേരുന്ന ഒരു ശിരസിലാണ്… ലാലേട്ടൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു അപ്പോൾ രാമിന് വേണ്ടേ? വേണം പക്ഷേ അത് ഈ തലയിലാണ് എനിക്ക് വേണ്ടത്! ലാലേട്ടൻ ആ തൊപ്പിയണിഞ്ഞു… ഒരു നിമിഷം എന്റെ പ്രേമഭാജനം ഓഷോ കൺമുന്നിൽ രൂപമായി തെളിഞ്ഞു…" രാമാനന്ദ് കുറിക്കുന്നു.പാലക്കാട് പെരിങ്ങോട്ടിലെ ആയുർവേദ കേന്ദ്രത്തിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. സെപ്തംബർ 2നാണ് ഭാര്യ സുചിത്രയ്‌ക്കൊപ്പം ആയുർവേദ ചികിത്സയ്ക്കായി താരം ഇവിടെ എത്തിയത്. ആയുർവേദ ചികിത്സ പൂർത്തിയായി കഴിഞ്ഞാൽ മോഹൻലാൽ ദൃശ്യം 2വിന്റെ ലൊക്കേഷനിലേക്കായിരിക്കും പോവുക. ഇരുപതോടെ ചികിത്സ പൂർത്തിയാക്കി സെ്ര്രപംബർ 21ന് 'ദൃശ്യം' സെറ്റിൽ താരം ജോയിൻ ചെയ്യും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.