കിളിമാനൂർ: കടംവാങ്ങി നെൽക്കൃഷി നടത്തിയ കർഷകർ കനത്തമഴയിൽ പ്രതിസന്ധിയിൽ. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ അടയമൺ വാർഡിലുള്ള നെൽക്കർഷകരാണ് കാലംതെറ്റിപ്പെയ്യുന്ന മഴയിലും മറ്ര് പ്രശ്നങ്ങളാലും കടക്കെണിയിലായത്. അടയമൺ പാടശേഖരസമിതിക്ക് കീഴിൽ കൃഷിയിറക്കിയ നാൽപ്പതോളം കർഷകരാണ് മുടക്കുമുതൽപോലും തിരിച്ചുകിട്ടാനാകാത്തവിധം പ്രതിസന്ധിയിലായത്. വട്ടിപ്പലിശയ്ക്കും ബാങ്ക് വായ്‌പയെടുത്തുമാണ് പലരും കൃഷിയിറക്കിയത്. എന്നാൽ ഒന്നാംവിളയുടെ വിളവെടുപ്പ് നടത്താൻ പോലും കഴിയാത്ത വിധമാണ് കനത്ത മഴ തുടരുന്നത്.
പതിനാല് ഏക്കറോളം പാടത്ത് വിളഞ്ഞ് പാകമായ നെൽച്ചെടികൾ വെള്ളംകയറി അഴുകി നശിച്ചു. നെൽമണികൾ കുരുത്തുപോകുന്നതും മറ്റൊരു പ്രശ്നമാണ്. വനപ്രദേശങ്ങളിൽ നിന്ന് കൂട്ടമായെത്തിയ പക്ഷികൾ നെൽമണികൾ ഭക്ഷണമാക്കിയതും മറ്റൊരു പ്രതിസന്ധിയായി. ഒന്നാം വിളവെടുപ്പിൽ കാലതാമസം ഉണ്ടായതോടെ രണ്ടാംകൃഷി ഇറക്കാനുള്ള സാദ്ധ്യതയും ഇല്ലാതായി. ഇതോടെ കടംവാങ്ങിയ പണം എങ്ങനെ തിരികെ നൽകുമെന്ന ആശങ്കയിലാണ് കർഷകർ. തങ്ങളെ സഹായിക്കുന്നതിനുള്ള അടിയന്തര ഇടപെടൽ അധികൃതർ നടത്തണമെന്നും ആശ്വാസ ധനസഹായം അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
വിതച്ചത് പതിരായി
ഒന്നാം വള ഇറക്കേണ്ട ഏപ്രിൽ, മേയ് മാസങ്ങളിലുണ്ടായ കനത്ത മഴകാരണം ഇത്തവണ ജൂലായിലാണ് കർഷകർ വിത്തുവിതച്ചത്. കളയെടുപ്പ് കഴിഞ്ഞതോടെ വീണ്ടും മഴ തുടങ്ങി. കതിർനാമ്പിടുന്ന സമയത്ത് മഴപെയ്തതോടെ നെൽമണികൾ എല്ലാം പതിരായി. ഇതാണ് കർഷകരുടെ മുടക്കുമുതൽ പോലും നഷ്ടപ്പെടുത്തുന്ന അവസ്ഥയിലെത്തിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കൃഷിഭവൻ, പാടശേഖര സമിതി എന്നിവരുടെ ശ്രമഫലമായാണ് പഴയകുന്നുമ്മേൽ പഞ്ചായത്തിൽ തരിശുനിലങ്ങൾ എന്നിവ ഉൾപ്പടെ ഏറ്റെടുത്ത് നെൽക്കൃഷി നടത്തിയത്. കഴിഞ്ഞ വർഷം ഏഴ് ഹെക്ടർ സ്ഥലത്ത് കൃഷി നടത്തിയതെങ്കിൽ ഇപ്രാവശ്യം ഒൻപത് ഹെക്ടർ സ്ഥലത്തേക്ക് ഇത് വ്യാപിപ്പിച്ചു. ഇതെല്ലാം കാലാവസ്ഥാ വ്യതിയാനത്തിൽ പാഴാകുമോ എന്ന ആശങ്കയിലാണ് കർഷകർ.
പ്രതിസന്ധി ഇങ്ങനെ
മഴകാരണം ഒന്നാം വിള ഇറക്കാൻ വൈകി
കതിരിടുന്ന സമയത്തെ മഴ നെല്ല് പതിരാക്കി
മഴ തുടരുന്നതിനാൽ കൊയ്ത്ത് യന്ത്രം കരയിൽ
വിളഞ്ഞ നെല്ല് പാടത്തുതന്നെ കിടക്കുന്നു
നെൽമണികൾ കുരുത്തുതുടങ്ങി
ഒന്നാം വിള താമസിച്ചിറക്കിയതിനാലും മഴകാരണവും ഇത്തവണ രണ്ടാംവിള പ്രതിസന്ധിയിലാണ്. കടംവാങ്ങി കൃഷിയിറക്കിയവർ ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കർഷകരെ സഹായിക്കുന്ന നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം
അടയമൺ മുരളീധരൻ, പാടശേഖര സമിതി സെക്രട്ടറി