തിരുവനന്തപുരം: തടസങ്ങൾ ഏറെക്കുറെ നീങ്ങിയതോടെ ദേശീയ പാതയിൽ കഴക്കൂട്ടം- കടമ്പാട്ടുകോണം ഭാഗം ആറുവരിയാക്കുന്നതിന്റെ പണികൾ നാലുമാസത്തിനുള്ളിൽ തുടങ്ങും. സ്ഥലം ഏറ്റെടുക്കാനുള്ള ത്രി ഡി വിജ്ഞാപനം ഇറങ്ങിയതോടെയാണിത്.ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാകും. ഈ മേഖലയിൽ 29 കിലോ മീറ്റർ റോഡാണ് വികസിപ്പിക്കുന്നത്. 3500 ഓളം വ്യക്തികളുടെ 54 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ 90 ശതമാനവും ഇപ്പോഴത്തെ വിജ്ഞാപനത്തിൽ ഉൾപ്പെടുന്നുണ്ട്. ആറ്റിങ്ങൽ കൊട്ടാരവുമായി ബന്ധപ്പെട്ട തിരുവാറാട്ട് കാവിലെ വസ്തുവും കിഴുവിലം വില്ലേജിലെ മാമം ജംഗ്ഷനും വിജ്ഞാപനത്തിലില്ല. ആദ്യത്തേതിൽ ഹൈക്കോടതിയിൽ കേസുണ്ട്. മാമത്ത് അലൈൻമെന്റ് തീരുമാനമാനമായില്ല. കടമ്പാട്ടുകോണം- മാമം വരെയുള്ള 17 കിലോമീറ്ററിലെ ഏറ്റെടുക്കൽ ചുമതല ആറ്റിങ്ങൽ സ്പെഷ്യൽ തഹസിൽദാർ ഓഫീസിനും തുടർന്നുള്ള 12 കിലോ മീറ്റർ കഴക്കൂട്ടം ഓഫീസിനുമാണ്.