തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെയും സെക്രട്ടേറിയറ്റ് നട യുദ്ധക്കളമായി. യൂത്ത് കോൺഗ്രസ്,​ ബി.ജെ.പി, യുവമോർച്ച, യൂത്ത് ലീഗ് മാർച്ചുകൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാളയത്ത് നിന്നു പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രകോപിതരായ പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലാണ് അവസാനിച്ചത്. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് കോവളം മണ്ഡലം പ്രസിഡന്റ് പ്രശാന്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാസ് മുക്കോളി, ചിത്രദാസ്, സജീർ നേമം,​ വിനോദ് കോട്ടുകാൽ എന്നിവർക്കും പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ,​ വൈസ് പ്രസിഡന്റുമാരായ കെ.എസ്. ശബരീനാഥൻ,​ എൻ.എസ് നുസൂർ,​ റിജിൽ മാക്കുറ്റി,​ ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട് എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ബി.ജെ.പിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് രണ്ടുതവണയാണ് മാർച്ച് നടത്തിയത്. രാവിലെ നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മഹിളാമോർച്ച പ്രവർത്തകരായ ബിന്ദു,​ ദിവ്യ എന്നിവർക്ക് പരിക്കേറ്റു. വൈകിട്ട് നടന്ന പ്രകടനത്തിന് ജില്ലാപ്രസിഡന്റ് വി.വി. രാജേഷ്,​ സംസ്ഥാന കമ്മിറ്റിയംഗം എസ്. സുരേഷ്,​ ജനറൽ സെക്രട്ടറി പി. സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ നടത്തിയ യൂത്ത് ലീഗ് മാർച്ചിനു നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി. കെ.എസ്.യു പ്രവർത്തകർ കെ.ടി. ജലീലിന്റെ അനക്സ് മന്ദിരത്തിലെ ഓഫീസ് ഗേറ്റിൽ കരിങ്കൊടി കെട്ടി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. റിങ്കു പടിപ്പുരയിൽ,​ സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ എം.ജെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്‌ത് നീക്കി.