photo

പാലോട്: സൈബർ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പാലോട് സ്റ്റേഷൻ പരിധിയിൽ വീട്ടമ്മമാരെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കുറുപുഴ വില്ലേജിൽ നന്ദിയോട് പൗവത്തുർ സ്‌മിതാഭവനിൽ ദീപു കൃഷ്‌ണനെയാണ് ( 36 )​ ഇന്നലെ പാലോട് പൊലീസ് തമ്പാനൂരിലെ ലോഡ്‌ജിൽ നിന്നും അറസ്റ്റുചെയ്‌തത്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പൊലീസുകാരനെന്ന് പറഞ്ഞ് ഇയാളെത്തും. ഇതിനുശേഷം വീട്ടമ്മമാരുടെ നഗ്നചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും യൂടൂബിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടെന്ന് വിശ്വസിപ്പിക്കും. ഇത് ഉറപ്പുവരുത്താൻ ശരീരത്തിന്റെ അളവുകൾ എടുക്കണമെന്നും അറിയിക്കും. സമ്മതപത്രം എഴുതി വാങ്ങിയ ശേഷം അളവെടുക്കുന്ന വ്യാജേന സ്ത്രീകളെ ഉപദ്രവിക്കുകയാണ് ഇയാളുടെ രീതി. പൊലീസ് വേഷത്തിൽ മാസ്‌ക് ധരിച്ചാണ് ഇയാൾ വീടുകളിലെത്തിയിരുന്നത്. പാലോട് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. രേഖാചിത്രം തയ്യാറാക്കി പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഒളിവിൽ കഴിഞ്ഞ ഇയാൾ പിടിയിലായത്. വിവിധ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാനമായ കേസുകളുണ്ട്. 10 വർഷം വിദേശത്തായിരുന്ന പ്രതി അവിടെയും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. റൂറൽ എസ്.പി ബി. അശോകന്റെ നിർദ്ദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷിന്റെ നേതൃത്തിൽ എസ്.എച്ച്.ഒ സി.കെ. മനോജ്, എസ്.ഐമാരായ ഭുവനചന്ദ്രൻ നായർ, അൻസാരി, അനിൽകുമാർ, സി.പി.ഒമാരായ മാധവൻ, നസീറ, നിസാം,ഷിബു, സുജുകുമാർ, വിനീത്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.