photo

വിതുര. അടച്ചറുപ്പുള്ള വീട് എന്ന നിർദ്ധന കുടുംബത്തിന്റെ സ്വപ്നം പൂവണിയിക്കാൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. മധു അടിയന്തര നടപടികൾ സ്വീകരിച്ചു. വിതുര പഞ്ചായത്തിലെ മരുതാമല വാർഡിൽ ശിൽപ്പിനഗർ കുന്നുംപുറത്തു വീട്ടിൽ ഷീല, ജോസ് ദമ്പതികൾക്കാണ് വി.കെ. മധുവിന്റെ കാരുണ്യത്തിൽ വീട് ഒരുങ്ങുന്നത്. ഷീല മരുതാമല ഐസറിലെ താത്കാലിക ക്ലീനിംഗ് തൊഴിലാളിയാണ്. ജോസ് കൂലിപണിക്കാരനും. പ്ലസ് വണിനും, പ്ലസ്‌ ടുവിനും പഠിക്കുന്ന രണ്ട് മക്കളുമുണ്ട്. ആകെയുള്ളത് അഞ്ചു സെന്റ് പുരയിടമാണ്. ലഭിക്കുന്ന തുച്ഛമായ വരുമാനം കുട്ടികളുടെ വിദ്യാഭ്യാസചിലവിന് പോലും തികയില്ല. മൺകട്ടകൊണ്ട് കെട്ടി ഓലയും, പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് നിർമ്മിച്ച പുരയിലാണ് നാല് പേരും അന്തിയുറങ്ങുന്നത്. മഴയത് ചോർന്നൊലിക്കും. കാറ്റത്തു അനവധി തവണ മേൽക്കൂര തകർന്നു വീണിട്ടുണ്ട്.

ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ടെങ്കിലും വീട് ലഭിച്ചില്ല. കളക്ടർക്ക് വരെ പരാതി നൽകിയിരുന്നു. മഴക്കാലമായാൽ ജീവൻ പണയം വച്ചാണ് അന്തിയുറങ്ങുന്നതെന്ന് ഇവർ പറയുന്നു. ഇവരുടെ ദുരിതകഥ ചൂണ്ടിക്കാട്ടി നേരത്തെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. മധു വീട് സന്ദർശിക്കുകയും നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇന്നലെ വീട് നിർമാണത്തിനായി നാല് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.