വർക്കല: ഒരു കുടുംബത്തിലെ മൂന്നുപേർ തീകൊളുത്തി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. ശ്രീകുമാറിനുണ്ടായ കടബാദ്ധ്യത തീർക്കാൻ ചെന്നൈയിലെ ഒരു ധനകാര്യസ്ഥാപനം നാലുകോടി രൂപ വായ്‌പ വാഗ്ദാനം ചെയ്‌തിരുന്നു. ഇതിനായി 16 ലക്ഷം രൂപ ശ്രീകുമാർ ബോണ്ട് വച്ചു. തിങ്കളാഴ്ച നാല് കോടി രൂപയും അക്കൗണ്ടിൽ നിക്ഷേപിക്കാമെന്ന് സ്ഥാപനം പറഞ്ഞിരുന്നെങ്കിലും തുക ബാങ്കിലെത്തിയിരുന്നില്ല. ശ്രീകുമാർ തിങ്കളാഴ്ച പലതവണ ധനകാര്യ സ്ഥാപനത്തിലുള്ളവരെ ഫോൺ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ ശ്രീകുമാർ കടുത്ത മാനസിക സമ്മർദ്ദത്തിലായതായി ബന്ധുക്കൾ പറഞ്ഞു. നേരത്തെ ധനകാര്യസ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് വർക്കലയിലെത്തി ശ്രീകുമാറുമായി സംസാരിച്ചിരുന്നെന്നാണ് വിവരം. ശ്രീകുമാറിന്റെ ഫോൺ വിളിയും ബാങ്ക് അക്കൗണ്ടും വിശദമായി പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. അതേസമയം ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന സുഹൃത്തിനെക്കുറിച്ച് പൊലീസ് യാതൊരുവിവരവും ബന്ധുക്കളിൽ നിന്ന് തേടിയിട്ടില്ല. വർക്കല മേൽവെട്ടൂർ കയറ്റാഫീസിന് സമീപം ശ്രീലക്ഷ്മിയിൽ ശ്രീകുമാർ (58), ഭാര്യ മിനി ചലപതി (50), മകൾ അനന്തലക്ഷ്മി (26) എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുമല സ്വദേശിയായ സുഹൃത്ത് ചതിച്ചതാണെന്ന് ശ്രീകുമാർ ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ബന്ധുക്കളോട് ഇക്കാര്യം സംസാരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ആത്മഹത്യാകുറിപ്പ് സംഭവദിവസം അവിടെയെത്തിയ അടുത്ത ബന്ധുക്കളെയോ ജനപ്രതിനിധികളെയോ പൊലീസ് കാണിക്കാത്തതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.