ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള പണികൾ വേഗത്തിലാക്കി ദേശീയപാത അധികൃതർ. പണികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് കരാർ കമ്പനിയോട് ദേശീയപാത അതോറിട്ടി ആവശ്യപ്പെട്ടിരിക്കുകയാണ്. പള്ളിച്ചൽ രാജപാതയ്ക്ക് സമീപം രണ്ടുവരിപ്പാതയിൽ മെറ്റൽ പാകിത്തുടങ്ങി. തറയുറപ്പ് വരുത്തിയ ശേഷം ഒരാഴ്ചക്കുള്ളിൽ ഈ ഭാഗവും ടാറിംഗ് തുടങ്ങിയേക്കും. പള്ളിച്ചൽ തോടിന് കുറുകെ പാലം പണിയുന്നതിന്റെ ഭാഗമായി സ്ലാബ് കോൺക്രീറ്റ് പൂർത്തിയായി. മൂന്നാഴ്ച കഴിഞ്ഞാൽ മേൽഭാഗം ടാറിംഗ് നടത്തും. നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ജെ.സി.ബി കൊണ്ട് കുഴിച്ച ഭാഗങ്ങളിൽ മെറ്റൽപാകി ഉയർത്തുന്നതിന്റെ ജോലികളും നടന്നുവരുന്നു. മഴ ഇടയ്ക്കിടക്ക് വില്ലനാകുന്നുണ്ടെങ്കിലും പണികൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. പാരൂർക്കുഴി മുതൽ പള്ളിച്ചൽ തോട് വരെയുള്ള നാലുവരിപ്പാതയിൽ റോഡിന് വലതുവശം ഒരു ഭാഗം ടാറിംഗ് ആരംഭിച്ചു. തോടിന് സമീപം നാല് കിലോമീറ്ററിൽ ആദ്യഘട്ട ടാറിംഗ് അവസാനഘട്ടത്തിലാണ്. രണ്ട് ദിവസത്തിനുള്ളിൽ രണ്ടുവരിപ്പാതയിൽ ടാറിംഗ് പൂർത്തിയാകും. ഇത് കഴിഞ്ഞാലുടൻ ഇടതുഭാഗം രണ്ടുവരിപ്പാതയുടെ ടാറിംഗും ആരംഭിക്കും.
പ്രധാന ജംഗ്ഷനുകളിൽ മീഡിയനുകൾ സ്ഥാപിക്കലും കെൽട്രോൺ വഴി സിഗ്നൽ സംവിധാനം നടപ്പാക്കുന്നതിന്റെ പ്രവൃത്തികളുമാണ് ഇനി നടക്കാനുള്ളത്. പണികൾ വേഗത്തിലാക്കിയെന്ന് കരാർ കമ്പനിയായ യു.എൽ.സി.എസ് ദേശീയപാത അധികൃതരെ അറിയിച്ചു. പള്ളിച്ചൽ തോടിന്റെയും രാജപാതയുടെയും പണികളൊഴിച്ചാൽ ദേശീയപാതയുടെ പണികൾ ഏകദേശം പൂർത്തിയായിട്ടുണ്ട്.