sukumaran
സുകുമാരൻ

കാസർകോട്: മൂന്നു പതിറ്റാണ്ട് മണലാരണ്യത്തിൽ അദ്ധ്വാനിച്ചതെല്ലാം കൈമോശം വന്ന പടന്നക്കാട് തീർത്ഥങ്കരയിലെ കെ. സുകുമാരന്റെ കണ്ണീർ മനഃസാക്ഷിയുള്ളവർ കാണണം. ഭാര്യയും മക്കളും ഉണ്ടായിട്ടും ഏഴ് മാസമായി ആരോരും തിരിഞ്ഞുനോക്കാതെ കഴിയുകയാണ് ഈ വൃദ്ധൻ. കഞ്ഞിവെപ്പും കിടപ്പുമെല്ലാം ഒറ്റയ്ക്ക്. പാതി തളർന്ന ശരീരത്തിൽ മരുന്നുപുരട്ടാൻ കഷ്ടപ്പാട്. മരുന്ന് വാങ്ങാൻ പോകുന്നതും തളർന്ന കാലുകളോടെ ഒറ്റക്ക്... ഇടത് കൈയും കാലും ശരീരത്തിന്റെ ഒരു ഭാഗവും തളർന്നതോടെ ഒപ്പം നിന്നവർക്കെല്ലാം സുകുമാരനെ വേണ്ടാതായി.

ബങ്കളത്ത് നിന്നും ഭക്ഷണം എത്തിക്കുന്ന സഹോദരിയ്ക്ക് പറമ്പിൽ കയറുന്നതിനും വിലക്കാണ്. ഗൾഫ് കാലത്ത് മാസം തോറും അയച്ച സമ്പാദ്യം കൊണ്ട് ഭാര്യ വീടിനോട് ചേർന്ന് എട്ട് സെന്റ് സ്ഥലവും വീടും പണിതിരുന്നു. ഇതിനിടെ ഭാര്യാ സഹോദരൻ പ്രമോദിന് ഭാര്യ സുജാതയുടെ കിഡ്‌നി മാറ്റിവെക്കുന്നതിന് സമ്മതം നൽകുന്നതിനാണ് ഏഴ് വർഷം മുമ്പ് നാട്ടിൽ എത്തിയത്. ജോലി നഷ്ടപ്പെട്ടതോടെ തിരിച്ചു പോകാനും കഴിഞ്ഞില്ല.

അഞ്ച് വർഷം മുൻപ് മകളുടെ വിവാഹം നടത്തിയതോടെ വരുമാനമെല്ലാം നിലച്ചു. ഇപ്പോൾ ഒഴിഞ്ഞ വയറുമായി ഒറ്റയ്ക്കാണ് ഇദ്ദേഹം. ഭക്ഷണം പാചകം ചെയ്യുന്നത് വല്ലപ്പോഴും മാത്രം. റേഷൻ കാർഡ് പേരിൽ ഇല്ലാത്തതിനാൽ റേഷൻ വാങ്ങാൻ പോലും നിവൃത്തിയില്ലാതായി. ഒടുവിൽ റേഷൻ വിഹിതം കിട്ടുന്നതിനായി ഹൊസ്ദുർഗ് എസ്.ഐയ്ക്ക് പരാതി നൽകേണ്ടിവന്നു. സപ്തംബർ അഞ്ചിന് വീട്ടിൽ എത്തിയ പൊലീസുകാർ റേഷൻ വിഹിതം നൽകണമെന്ന് ഭാര്യയോട് നിർദ്ദേശിച്ചാണ് പോയത്. ബങ്കളം സ്വദേശിയായ സുകുമാരൻ നല്ല കാലത്ത് നാട്ടിലും ഗൾഫിലും ഹീറോ ആയിരുന്നു. പലർക്കും ഗൾഫിൽ ജോലി നൽകി. നാട്ടിൽ നിന്ന് പോകുന്നവർ പലരും സുകുമാരന്റെ ഗൾഫിലെ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.


ബൈറ്റ്

ഭാര്യയും മക്കളും അവഗണിക്കാൻ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ശരീരം തളർന്നല്ലോ, ഇനി ഒന്നും കിട്ടില്ലെന്ന ചിന്തയായിരിക്കാം. ചത്തു കഴിഞ്ഞാൽ ഇതെല്ലാം സ്വന്തമായല്ലോ.. ആവതുള്ള കാലത്ത് സമ്പാദ്യമെല്ലാം കൊടുത്തു. എന്നെ നോക്കണ്ട, അവകാശപ്പെട്ട റേഷൻ എങ്കിലും എനിക്ക് തരണ്ടേ..അതും കിട്ടാതായപ്പോൾ ആണ് പൊലീസ് സഹായം തേടിയത്..

കെ. സുകുമാരൻ

(പടന്നക്കാട് തീർത്ഥങ്കര )


പ്രതാപിയായ സുകുമാരനെ ഓർക്കുകയാണ്. ഒരുപാട് ചെറുപ്പക്കാർക്ക് ഗൾഫിൽ കൈത്താങ്ങായ ഇദ്ദേഹത്തിന് ഈ ഗതി വന്നതിൽ സങ്കടമുണ്ട്. പരിഹാരം കാണാൻ എല്ലാവരും മുന്നിട്ടിറങ്ങണം

നാരായണൻ ബങ്കളം

(മുൻ കുവൈത്ത് പ്രവാസി)