നെടുമങ്ങാട്: പുതുവൽ പുറമ്പോക്ക് ഭൂമിക്ക് പട്ടയം വാങ്ങി നൽകാമെന്ന വ്യാജേനെ അദ്ധ്യാപികയുടെ പക്കൽ നിന്ന് ഒരുലക്ഷം രൂപ കൈക്കലാക്കിയ സംഭവത്തിൽ പൊതുപ്രവർത്തകനെ റവന്യൂ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. എന്നാൽ, ഇയാൾക്കെതിരെ കേസ് ചുമത്താനായില്ല. പരാതിക്കാരിയായ നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയാണ് പരാതിയിൽ ഉറച്ചുനിൽക്കാതെ ഉദ്യോഗസ്ഥരെ വട്ടം ചുറ്റിക്കുന്നത്. ഇവർ മൊഴി നൽകാൻ തയ്യാറായിട്ടില്ല. പരാതിയിൽ ഉറച്ചുനിന്നില്ലെങ്കിൽ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും താലൂക്ക് ഓഫീസ് ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്താൻ ശ്രമിച്ചതിനും അദ്ധ്യാപികയ്‌ക്കെതിരെ കേസെടുക്കാനാണ് തീരുമാനമെന്ന് തഹസീൽദാർ എം.കെ. അനിൽകുമാർ 'കേരളകൗമുദി' യോട് പറഞ്ഞു. കിള്ളിയാറിൻ കരയിലുള്ള അദ്ധ്യാപികയുടെ 15 സെന്റ് വസ്‌തുവിനോട് ചേർന്നുള്ള പുതുവൽ ഭൂമിക്ക് ജീവനക്കാരെ സ്വാധീനിച്ച് പട്ടയം വാങ്ങി നൽകാമെന്ന ഉറപ്പിൽ ഒരു ലക്ഷം രൂപ പൊതുപ്രവർത്തകന് നൽകിയെന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് അദ്ധ്യാപിക താലൂക്ക് ഓഫീസിലെത്തിയത്. പണം നൽകിയതിന്റെ രേഖയും ഇവർ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കി. ഇതേക്കുറിച്ച് കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് തഹസീൽദാറുടെ നേതൃത്വത്തിൽ ഭൂരേഖാ തഹസീൽദാർമാരും മൂന്ന് സർവേയർമാരും ഉൾപ്പെട്ട അന്വേഷണ സംഘം അദ്ധ്യാപികയുടെ വസ്‌തുവും സമീപത്തെ പുതുവൽ പുരയിടവും അളന്നു തിട്ടപ്പെടുത്തി. മഴ കാരണം തുടർ നടപടികൾ ഇന്നത്തേക്ക് മാറ്റി. പൊതുപ്രവർത്തകനെക്കുറിച്ചുള്ള വിവരങ്ങൾ റവന്യൂ സംഘവും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ശേഖരിച്ചു.