കൊച്ചി: മട്ടാഞ്ചേരി നിവാസികളുടെ യാത്രാദുരിതത്തിന് മുന്നിൽ ജലഗതാഗത വകുപ്പ് കണ്ണടച്ച് നിൽക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷമായി. പൂട്ടിക്കിടക്കുന്ന മട്ടാഞ്ചേരി ബോട്ട് ജെട്ടിക്ക് ആര് പുതുജീവനേകാനെത്തുമെന്നറിയാതെ കാത്തിരിക്കുകയാണ് യാത്രക്കാർ. പ്രളയകാലത്ത് ഒഴുകിവന്ന മരം കെട്ടിക്കിടക്കുന്നതിനാൽ ബോട്ട് ജെട്ടിയിൽ അടുപ്പിക്കാൻ പറ്റില്ലെന്ന കാരണം പറഞ്ഞാണ് മട്ടാഞ്ചേരിയിലേക്കുള്ള ബോട്ട് സർവീസുകളെല്ലാം നിർത്തലാക്കിയത്. ഡ്രഡ്ജിംഗ് നടത്തിയാൽ മാത്രമേ ബോട്ട് അടുപ്പിക്കാൻ പറ്റൂ എന്നാണ് ജലഗതാഗത വകുപ്പിന്റെ ന്യായം.
# ഒത്തുകളിയെന്ന് യാത്രക്കാർ
എന്നാൽ ടൂറിസ്റ്റ് ബോട്ടുകളുടെ ലാഭത്തിനായി ബോട്ടുടമകളും അധികൃതരും ചേർന്നുള്ള ഒത്തുകളിയാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്. വാട്ടർ മെട്രോ വരുന്നതിന്റെ ഭാഗമായാണ് ജെട്ടിയെ അവഗണിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. സർവീസുകൾ നിർത്തലാക്കിയ ആദ്യസമയങ്ങളിൽ ടൂറിസ്റ്റ് ബോട്ടുകൾ ഇവിടെ അടുത്തിരുന്നു. സർവീസ് നടത്താൻ ബോട്ടുകൾ കുറവായതിനാൽ ജലഗതാഗതവകുപ്പിന്റെ മട്ടാഞ്ചേരി സർവ്വീസുകൾ കുറവായിരുന്നു. ഇതിന്റെ പേരിൽ പ്രതിഷേധം നടന്നിരുന്ന സമയത്താണ് സർവീസുകൾ പൂർണമായും നിർത്തലാക്കുന്നത്.
# സമയനഷ്ടവും ധനനഷ്ടവും മിച്ചം
കേരളത്തിലെ ആദ്യത്തെ ബോട്ട് ജെട്ടിയാണ് മട്ടാഞ്ചേരി ബോട്ട് ജെട്ടി. പക്ഷെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് കാലം കുറെയായി. ജെട്ടിയും പ്രദേശവും കാടുപിടിച്ച് ചെളിനിറഞ്ഞ അവസ്ഥയിലാണ്. മട്ടാഞ്ചേരിയിൽനിന്ന് ഏറ്റവുംകുറഞ്ഞ നിരക്കിലും കുറഞ്ഞ സമയത്തിലും എറണാകുളത്തേക്കെത്താനുള്ള എളുപ്പവഴിയാണിത്. 7 രൂപയാണ് ടിക്കറ്റ് നിരക്ക്. ബോട്ട് ജെട്ടി പൂട്ടിക്കിടക്കുന്നതിനാൽ ഇരുപത് രൂപയോളം മുടക്കി ചുറ്റിക്കറങ്ങി ബസിനാണ് ഭൂരിഭാഗം യാത്രക്കാരും എറണാകുളത്തേക്കെത്തുന്നത്. നിലവിൽ ഫോർട്ടുകൊച്ചി ജെട്ടിയെയാണ് മട്ടാഞ്ചേരി നിവാസികളും ആശ്രയിക്കുന്നത്. എന്നാൽ ഫോർട്ടുകൊച്ചി ജെട്ടിയിൽനിന്ന് രാവിലെയുള്ള മൂന്ന് സർവീസുകൾ റദ്ദാക്കിയതിനാൽ പ്രദേശവാസികളുടെ യാത്രാക്ലേശം രൂക്ഷമാണ്.
# അധികാരികൾ മറന്ന ബോട്ടുജെട്ടി
നാട്ടുകാരും ജനകീയ സംഘടനകളും ആവശ്യപ്പെട്ടിട്ടും അധികൃതർ ബോട്ട് ജെട്ടിയിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ജെട്ടിയിൽ ബോട്ട് ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കായി ആറുമുറിയുള്ള കെട്ടിടവും പണി കഴിപ്പിച്ചിരുന്നു. ജെട്ടി അടച്ചുപൂട്ടിയതോടെ കെട്ടിടത്തിനും പൂട്ടുവീണു. ആരും തിരിഞ്ഞുനോക്കാത്ത ഈ കെട്ടിട്ടം ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. നിരവധി യാത്രക്കാരുടെ ആശ്രയമായ ജെട്ടി അധികൃതർ മറന്നമട്ടാണ്.
നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടന്നു. പക്ഷെ ഒന്നിനും പരിഹാരമുണ്ടായിട്ടില്ല. കൊവിഡ് കാലത്ത് ബസ് യാത്രയെക്കാൾ സുരക്ഷിതമാണ് ബോട്ട് യാത്ര. എന്നാൽ അധികാരികൾക്ക് അനക്കമില്ല.
എ. ജലാൽ
കൺവീനർ, ജനകീയസമിതി