covid-19

ഇന്നലെ 820 പേർക്ക്, ചികിത്സയിലുള്ളത് 6000ലധികം പേ‌ർ

തിരുവനന്തപുരം: തലസ്ഥാനത്ത് തീവ്രരോഗവ്യാപനം സാക്ഷ്യപ്പെടുത്തി രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. 820പേർക്കാണ് ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർദ്ധനയാണിത്. പത്തുദിവസത്തിനിടെ 5,576പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിനമാണ് രോഗികളുടെ എണ്ണം 650ന് മുകളിൽ പോകുന്നത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6031ആയി. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണത്തിലും തലസ്ഥാനം മുന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ 721 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 83 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.12 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാൾ അന്യസംസ്ഥാനത്തു നിന്നുമെത്തിയതാണ്. മൂന്നു പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. പാപ്പനംകോട് സ്വദേശിനി ജയകുമാരി(63), കോട്ടപ്പുറം സ്വദേശി നിസാമ്മുദ്ദീൻ(49),കല്ലാട്ടുമുക്ക് സ്വദേശി സൈനുലബ്ദിൻ(67) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 363 പേർ സ്ത്രീകളും 457 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 91 പേരും 60 വയസിനു മുകളിലുള്ള 138 പേരുമുണ്ട്. 15 ആരോഗ്യപ്രവർത്തകർക്കും രോഗബാധ കണ്ടെത്തി. 547പേർക്ക് രോഗമുക്തിയുണ്ട്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കുതിപ്പുണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 പുതുതായി നിരീക്ഷണത്തിലായവർ -1,795

ആകെ നിരീക്ഷണത്തിലുള്ളവ‌ർ-25,430

ആശുപത്രികളിൽ 3,901

വീടുകളിൽ -20,888

കൊവിഡ് സെന്ററുകളിൽ- 641