തിരുവനന്തപുരം: വിജയമോഹിനി മില്ലിന്റെ അധീനതയിലുള്ള സ്ഥലം അളന്ന് വിൽക്കുന്നതിലും മില്ല് പൂട്ടുന്നതിലും പ്രതിഷേധിച്ച് തൊഴിലാളികൾ ഉപരോധ സമരം നടത്തി. റിയൽ എസ്‌റ്റേറ്റ് കൺസൾട്ടന്റായ ജെ.എൽ.എൽ ആണ് സ്ഥലം അളക്കാനെത്തിയത്. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് കമ്പനി പ്രതിനിധികൾ തിരികെപോയി. പൊതുമേഖലാ സ്ഥാപനമായ വിജയമോഹിനി മില്ല് വില്പന നടത്താൻ അനുവദിക്കില്ലെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു. ഉപരോധം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, ബി.എം.എസ് ജനറൽ സെക്രട്ടറി ഷിബു കുമാർ, സി.ഐ.ടി.യു ജനറൽ സെക്രട്ടറി എ.കെ. ദിവാകരൻ, ഐ.ടി.യു.സി ടെക്‌സ്റ്റൈൽസ് ഫെഡറേഷൻ സെക്രട്ടറി ജോണി ജോസ് നാലപ്പാട്ട്, സി.ഐ.ടി.യു വർക്കിംഗ് പ്രസിഡന്റ് എം. കൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ കരകുളം ശശി, വട്ടവിള ഗോപൻ, സമരസമിതി കൺവീനർ എം.ടി. ആന്റണി, സജീവ് കുമാർ. കെ എന്നിവർ സംസാരിച്ചു.