തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയില്ലെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തി. ടേബിൾ ഫാനിലെ ഷോർട്ട് സർക്യൂട്ട് കാരണമുണ്ടായ തീപിടിത്തമെന്നാണ് ദുരന്തനിവാരണ കമ്മിഷണർ എ. കൗശിഗൻ അധ്യക്ഷനായ സമിതിയുടെ നിഗമനം. 25 ഫയലുകളാണ് കത്തിനശിച്ചതെന്നും, പ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്നും സമിതി കണ്ടെത്തി.
ആഗസ്റ്റ് 25ന് വൈകിട്ടാണ് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമെന്ന് ആരോപണമുയർന്നതിനു പിന്നാലെയാണ് അന്വേഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന റിപ്പോർട്ടാണ് പൊതുമരാമത്ത് വകുപ്പും ഫയർ ഫോഴ്സും സർക്കാരിന് നൽകിയത്.
ഗസറ്റ് വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളിൽ മുറി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിയതെന്നാണ് കണ്ടെത്തൽ. ഭാവിയിൽ സെക്രട്ടേറിയറ്റിൽ തീപിടിത്തം ഒഴിവാക്കാനുളള ശുപാർശകളും റിപ്പോർട്ടിലുണ്ട്. അന്വേഷണ സംഘത്തെ സഹായിക്കാൻ പൊതുഭരണവകുപ്പിലെ സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. തീപിടിച്ച സെക്ഷനിലെ ജീവനക്കാരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.