തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം കർശനമാക്കുമ്പോഴും രോഗവ്യാപനം അതിരൂക്ഷമാക്കി പ്രതിദിന രോഗികളുടെ എണ്ണം 4000 കടന്നു. ഇന്നലെ 4351 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 4081 പേർ സമ്പർക്ക രോഗികളാണ്. 351പേരുടെ ഉറവിടം വ്യക്തമല്ല. 72 ആരോഗ്യപ്രവർത്തകർ കൂടി രോഗബാധിതരായി. 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ചികിത്സയലായിരുന്ന 2737 പേർ രോഗമുക്തരായി. രോഗവ്യാപനം രൂക്ഷമായ തലസ്ഥാന ജില്ലയിൽ 820 പേരാണ് രോഗബാധിതരായത്. ഉറവിടം അറിയാത്ത കേസുകൾ തിരുവനന്തപുരത്ത് വർദ്ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഗർഭിണികൾ കർശനമായും റൂം ക്വാറന്റൈൻ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസർകോട് 319, തൃശൂർ 296, കണ്ണൂർ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനെയാണ് മറ്രുജില്ലകളിലെ രോഗികൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,730 സാമ്പിളുകളാണ് പരിശോധിച്ചത്.