പേരൂർക്കട: പൊതുമാർക്കറ്റിൽനിന്നുള്ള മാലിന്യം വയലിലൂടെ ഒഴുകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എ മാർക്കറ്റിൽ ഇന്നലെ പരിശോധനയ്ക്കെത്തി. മാർക്കറ്റിന്റെ പരിസരം ഇന്റർലോക്ക് ചെയ്തശേഷം ഇവിടെ വെള്ളം കെട്ടി നിൽക്കുകയോ മലിനജലം ഒഴുകുകയോ ചെയ്യുന്നില്ലെന്ന് വാർഡ് കൗൺസിലർ പി. രാജിമോൾ പറഞ്ഞു. അതേസമയം മാർക്കറ്റിൽ നിന്നു മലിനജലം ഒഴുകുന്നുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് എം.എൽ.എ പറഞ്ഞു. പ്രധാന റോഡിൽ നിന്ന് മാർക്കറ്റിലേക്കുള്ള ഇടറോഡിനു സമാന്തരമായുള്ള ഓടയിലെ മാലിന്യമാണ് സമീപത്തെ വയലിലേക്ക് ഒഴുകുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഈ പ്രശ്‌നം പരിഹരിക്കണമെങ്കിൽ പ്രധാന ഓടയ്ക്കു സമീപം മറ്റൊരു ഓട നിർമ്മിക്കണം. ഇതിനു വേണ്ട നടപടികൾ ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.