ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ കിഫ്ബി പ്രവൃത്തികൾ ലഭിച്ചില്ലെന്ന പ്രതിപക്ഷനേതാവിന്റെ പരാമർശം തെറ്റിദ്ധാരണ മൂലമാണെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.

ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ,തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ ആറാട്ടുപുഴ, പതിയാങ്കര, വട്ടച്ചാൽ മേഖലകളിൽ കടൽഭിത്തി നിർമ്മിക്കുന്നതിന് 81 കോടിരൂപ അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ജലസേചന വകുപ്പ് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായ കെ.ഐ.ഐ.ടി.സി മുഖാന്തരമാണ് പ്രവൃത്തി നടപ്പിലാക്കുന്നത്. കൂടാതെ ഹരിപ്പാട് ഗവ.ഗേൾസ് ഹൈസ്‌കൂളിന് കെട്ടിടം നിർമ്മിക്കാൻ 5 കോടി രൂപ അനുവദിച്ച് നിർമ്മാണം 79ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. മംഗലം ഗവ. ഹയർസെക്കന്ററി സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് 3 കോടി രൂപയും, തീരമേഖലയിലെ വിദ്യാഭ്യാസ വികസനത്തിനായി മത്സ്യബന്ധന വകുപ്പിൽ നിന്നും കിഫ്ബി മുഖാന്തരം കാർത്തികപ്പള്ളി ഗവ. യു.പി സ്‌കൂളിന് 2 കോടി രൂപയും അനുവദിച്ചിട്ടുള്ളതായി ജി.സുധാകരൻ അറിയിച്ചു.