sc-st

തിരുവനന്തപുരം: തൊഴിലുറപ്പ് മിഷനിലെ താത്കാലിക ഒഴിവുകളിൽ പട്ടിക വിഭാഗക്കാരെ ഒഴിവാക്കുന്ന നടപടിക്കെതിരെ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഗ്രാമവികസന കമ്മിഷണറിൽ നിന്നു റിപ്പോർട്ട് തേടി. തൊഴിലുറപ്പ് മിഷനിലെ താത്കാലിക നിയമനങ്ങളിലും സംവരണം നിർബന്ധമാക്കിയ കമ്മിഷന്റെ ഉത്തരവ് അട്ടിമറിക്കുന്നതായി കേരളകൗമുദി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.

മിഷനിൽ കരാർവ്യവസ്ഥയിൽ ജോലി നോക്കുന്നവർക്ക് കാലാവധി തീരുന്ന മുറയ്ക്ക് പുതുക്കി നൽകുന്നതോടെ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത സ്ഥിതിയായി. 2016 ഏപ്രിൽ 30നാണ് കമ്മിഷൻ താത്കാലിക നിയമനങ്ങളിലും സംവരണം നിർബന്ധമാക്കി ഉത്തരവിറങ്ങിയത്. തസ്തികകൾ കണ്ടെത്താൻ 2017 ഫെബ്രുവരി 20ന് സർക്കാർ മിഷന് നിർദ്ദേശം നൽകി. 34മാസം ഫയലിൽ നടപടി സ്വീകരിക്കാതിരുന്ന ശേഷം 2019 ഡിസംബർ 11ന് തൊഴിലുറപ്പ് മിഷൻ സംവരണ തസ്തികകൾ കണ്ടെത്തി സർക്കുലർ ഇറക്കി. സ്വാഭാവിക ഒഴിവുകളിൽ സംവരണതത്വം പാലിക്കണമെന്നാണ് ബ്ലോക്കുകൾക്കും പഞ്ചായത്തുകൾക്കും നൽകിയിട്ടുള്ള നിർദ്ദേശം. എന്നാൽ, സ്ഥാനങ്ങളിലുള്ളവർ ജോലി ഉപേക്ഷിക്കുകയോ മരിക്കുകയോ ചെയ്യുമ്പോൾ മാത്രം പട്ടികവിഭാഗക്കാരെ പരിഗണിച്ചാൽ മതിയെന്ന നിലപാട് ഉദ്യോഗസ്ഥർ സ്വീകരിക്കുകയായിരുന്നു.