കോവളം: പുളുങ്കുടി ആഴിമല തീരത്തെത്തിയ പുല്ലുവിള സ്വദേശികളായ പത്തംഗ സംഘത്തിലെ നാല് പേരെ കടലിൽ കാണാതായി. പുല്ലുവിള കാഞ്ഞിരംകുളം ചാവടിയിൽ ജോൺകുട്ടിയുടെ മകൻ ജോൺസൺ ക്ളീറ്റസ് (25), വലിയപള്ളി ജോർജിന്റെ മകൻ സാബു ജോർജ്ജ് (23), കൊച്ചുപള്ളി ചന്തയ്ക്കു സമീപം നെപ്പോളിയന്റെ മകൻ മനു നെപ്പോളിയൻ (23), ജയ്‌ഹിന്ദ് ഗ്രൗണ്ടിനു സമീപം വർഗ്ഗീസിന്റെ മകൻ സന്തോഷ് വർഗീസ് (25) എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

പുല്ലുവിള പരിസരത്തുള്ളവരും സുഹൃത്തുക്കളുമായ 10 അംഗ സംഘത്തിലെ ജോൺസൺ ക്ളീറ്റസ് ജോലി സംബന്ധമായി ഇന്ന് വിദേശത്ത് പോകാനിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിന്റെ ഭാഗമായാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ ഇവർ ആഴിമല കടൽതീരത്തെത്തിയത്. ഇതിൽ രണ്ടുപേർ ആറുമണിയോടെ കടലിൽ കുളിക്കാനിറങ്ങി തിരയിൽപെട്ടു. ഇവരെ രക്ഷപെടുത്താനായി മറ്റ് മൂന്നുപേർ കൂടി കടലിലിറങ്ങിയെങ്കിലും എല്ലാവരും തിരയിൽപെട്ടു. ഒരാൾ സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാളിന്റെ സഹായത്തോടെ രക്ഷപെട്ട് കരയ്ക്ക് കയറിയെങ്കിലും ജോൺസൺ ക്ളീറ്റസ് അടക്കമുള്ള നാലുപേരെ കടലിൽ കാണാതായി. ഇവർക്കായി തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്‌മെ‌ന്റ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടലിന്റെ പ്രക്ഷുബ്ധാവസ്ഥയും ഇരുട്ടും കാരണം രാത്രിയോടെ തെരച്ചിൽ നിറുത്തിവച്ചു.

ഏതാനും ദിവസങ്ങളായി കടൽ പ്രക്ഷുബ്ധമാണ്. അതിനിടെയാണ് കടലിൽ ഇറങ്ങിയ സംഘം അപകടത്തിൽപെട്ടത്. ശക്തമായ തിരയിലും ചുഴിയിലും പെട്ടാണ് നാലുപേരെയും കാണാതായത്. തെരച്ചിൽ ഇന്നും തുടരുമെന്ന് തീരദേശ പൊലീസ് സബ് ഇൻസ്പെക്ടർ ഷാനിബാസ് പറഞ്ഞു.