തിരുവനന്തപുരം: ജീവനക്കാരിൽ നിന്ന് പിടിക്കുന്ന രണ്ട് മാസത്തിലധികം വരുന്ന ശമ്പളം തിരിച്ചു നൽകേണ്ട ബാദ്ധ്യത അടുത്ത സർക്കാരിന്റെ തലയിലായി. ആദ്യം ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്കാണ് പിടിച്ചത്. ഇനി ആറു ദിവസത്തെ വേതനം വീതം ആറു മാസത്തേക്കാണ് പിടിക്കുന്നത്. ഇതോടെ 66 ദിവസത്തെ ശമ്പളമാണ് തിരിച്ചു നൽകേണ്ടിവരുന്നത്. ലീവ് സറണ്ടറും കൂടി കൂട്ടുമ്പോൾ ഏതാണ്ട് 5000 കോടിയിലേറെ രൂപ നൽകേണ്ടത് അടുത്ത സർക്കാരിന്റെ ബാദ്ധ്യതയായി.
സർക്കാർ പറയുന്നത് പിടിച്ച തുക അടുത്ത ഏപ്രിൽ മുതൽ പി.എഫിൽ ലയിപ്പിക്കുമെന്നും ജൂണിൽ പിൻവലിക്കാമെന്നുമാണ്.പി.എഫ് ഇല്ലാത്തവർക്ക് ജൂണിനുശേഷം അതത് മാസത്തെ ശമ്പളത്തോടൊപ്പം 11 മാസംകൊണ്ട് തിരിച്ചു നൽകും. ഫെബ്രുവരിൽ പിടിച്ചു തീരുന്ന തുക പി.എഫിൽ ലയിപ്പിക്കാൻ ഏപ്രിൽ വരെ കാത്തിരിക്കുന്നത് സംസ്ഥാനത്തിന്റെ വായ്പാ പരിധിയെ ബാധിക്കാതിരിക്കാനാണ്. ഏപ്രിൽ മുതൽ അടുത്ത സാമ്പത്തിക വർഷമാകും.
ലീവ് സറണ്ടറും ജൂണിലേ കിട്ടൂ. അടുത്ത സാമ്പത്തിക വർഷം കിട്ടുന്ന ലീവ് സറണ്ടറും ജൂണിലേക്ക് മാറ്റി. ഇതോടെ രണ്ടു വർഷത്തേക്കുമായി 2500 കോടി രൂപയോളം അടുത്ത സർക്കാരിന് ബാദ്ധ്യതയായി.
ക്ഷാമ ബത്ത കുടിശികയ്ക്കായി നൽകേണ്ടി വരുന്ന 600 കോടി രൂപയോളം നൽകുന്നതും അടുത്ത വർഷത്തേക്ക് നീട്ടിയാൽ പുതിയ സർക്കാരിന് 8000 കോടി രൂപയുടെ അധിക ബാദ്ധ്യത വരും.
ശമ്പളം പിടിക്കൽ: ജീവനക്കാർക്ക് പ്രതിഷേധം, വായ്പാതിരിച്ചടവ് മുടങ്ങും
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ആറുമാസത്തേക്കുകൂടി നീട്ടിയതിനെതിരെ ജീവനക്കാർ പ്രതിഷേധം തുടങ്ങി. സർക്കാർ ഉത്തരവ് വന്നാലുടൻ പ്രത്യക്ഷ സമരം നടത്തുമെന്നാണ് സംഘടനകളുടെ നിലപാട്. ഈ മാസം 30നുള്ളിൽ സൂചനാ പണിമുടക്ക് നടത്തുമെന്ന് എൻ.ജി.ഒ അസോസിയേഷൻ പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു. ഇന്ന് ഫെറ്റോയുടെ നേതൃത്വത്തിൽ കരിദിനം ആചരിക്കും.
ഇന്നലെ ഓഫീസുകളിൽ എൻ.ജി.ഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സംയുക്ത വേദിയായ സെറ്രോയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.
സർക്കാർ ഡോക്ടർമാരുടെ സംഘടനയും എതിർപ്പുമായി രംഗത്തുണ്ട്.
ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, പിടിച്ചത് ആറുമാസത്തിനുള്ളിൽ തിരിച്ചുനൽകുമെന്നാണ് സർക്കാർ കോടതിക്ക് ഉറപ്പ് നൽകിയത്.
ആഗസ്റ്റ് മാസത്തോടെ പിടിത്തം അവസാനിക്കുമെന്നു കരുതി പലരും 15,000 രൂപ ഓണം അഡ്വാൻസ് വാങ്ങിയിരുന്നു. ഇത് അഞ്ച് മാസംകൊണ്ട് തിരിച്ചടയ്ക്കണം. ശമ്പളം പിടിക്കൽ നീട്ടിയതോടെ അഡ്വാൻസ് തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടും. പി.എഫിൽ നിന്ന് വായ്പ എടുത്തവരും വലഞ്ഞു. പതിനായിരം രൂപ പ്രതിമാസം പി.എഫ് തിരിച്ചടവുള്ളവർ ഏപ്രിൽ മുതലുള്ള അഞ്ചുമാസം തിരിച്ചടയ്ക്കേണ്ടെന്നും സെപ്തംബർ മുതൽ പത്ത് മാസം കൊണ്ട് തിരിച്ചടച്ചാൽ മതിയെന്നും സർക്കാർ വിശദീകരിച്ചിരുന്നു. ശമ്പളം പിടിക്കൽ ആറു മാസത്തേക്ക് നീട്ടിയതോടെ ഈ തിരിച്ചടവും പ്രശ്നമാവും.
കരിദിനാചരണം
തിരുവനന്തപുരം: മൂന്നാം തവണയും സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് നാളെ സർക്കാർ ജീവനക്കാർ കരിദിനം ആചരിക്കുമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാറും സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. രമേശും അറിയിച്ചു.