തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കാണിച്ച് കിഫ്ബിയെ വിരട്ടേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിഫ്ബിയിൽ ഇ.ഡി പരിശോധന നടത്തുമെന്ന കേന്ദ്ര ധന സഹമന്ത്രിയുടെ പ്രസ്താവനയോട് ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതായാലും കിഫ്ബിയിൽ ഇ.ഡി ഇതുവരെ എത്തിയിട്ടില്ല. വരട്ടെ. എന്തൊക്കെയാണ് അവർക്കറിയേണ്ടതെന്ന് ചോദിക്കട്ടെ. കാത്തിരിക്കുകയാണ് ഞങ്ങൾ. ഈ രാജ്യത്ത് ഇപ്പോൾ ഒരു നിയമവ്യവസ്ഥ നിലവിലുണ്ടെന്നു മാത്രം ഇപ്പോൾ പറയാം.
കിഫ്ബിയെ ആർക്കാണ് പേടി? നമുക്കു ജനങ്ങളുടെ അടുത്തു പോകാം. ഓരോ പ്രദേശത്തും നടക്കുന്ന വികസന പ്രവർത്തനങ്ങൾ വേണമോ, വേണ്ടയോയെന്നും ജനങ്ങൾ തീരുമാനിക്കട്ടെ. ഉത്തരം എന്തായിരിക്കുമെന്നതു സംബന്ധിച്ച് ഞങ്ങൾക്ക് യാതൊരു സംശയവുമില്ല. വികസന അട്ടിമറിക്കാർക്ക് കേരളത്തിൽ സ്ഥാനമുണ്ടാവില്ല. ഇതിനിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ പുതിയ നുണക്കഥകൾ ഇറക്കുന്നു. ഡോ. ബാബു പോളിന്റെ മരണശേഷം ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്‌മെന്റ് അതോറിട്ടിയുടെ ചെയർമാനായിരുന്ന ടി.എസ്. വിജയനെ, കിഫ്ബി ബോർഡ് മെമ്പറായി തിരഞ്ഞെടുത്തത് കൂളിംഗ് പിരിയഡിന് ശേഷമാണ്-മന്ത്രി ഐസക് പറഞ്ഞു.