തിരുവനന്തപുരം: പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ട നടക്കും. രാത്രി എട്ടിന് പള്ളിവേട്ടയ്ക്കായി വിഗ്രഹങ്ങൾ എഴുന്നള്ളിക്കും. ശ്രീബലിപ്പുരയിലെ പ്രദക്ഷിണം കഴിഞ്ഞ് പടിഞ്ഞാറേ നടയിലൂടെ വിഗ്രഹങ്ങൾ പുറത്തെത്തിക്കും. പടിഞ്ഞാറേ നടയിലെ മതിലകം ഓഫീസിനടുത്ത് തയ്യാറാക്കിയ പള്ളിവേട്ട കളത്തിൽ ചടങ്ങുകൾ നടക്കും. തുടർന്ന് പടിഞ്ഞാറേ നട വഴി വിഗ്രഹങ്ങൾ തിരിച്ചെഴുന്നള്ളിക്കും. ശ്രീബലിപ്പുരയിലെ പ്രദക്ഷിണം പൂർത്തിയാക്കി പള്ളിക്കുറുപ്പിന്റെ പൂജകൾ നടത്തും. ആറാട്ടിനായി നാളെ വൈകിട്ട് 6.15ന് വിഗ്രഹങ്ങൾ ശ്രീബലിപ്പുരയിലെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേനട നാടകശാല മുഖപ്പ് വഴി പദ്മതീർത്ഥക്കരയിലേക്ക് എഴുന്നള്ളിക്കും. പദ്മതീർത്ഥക്കരയിൽ തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ആറാട്ടുപൂജ നടക്കും. ആറാട്ടുകഴിഞ്ഞ് കിഴക്കേ നട വഴിയായിരിക്കും വിഗ്രഹങ്ങൾ തിരിച്ചെഴുന്നള്ളിക്കുക. ശ്രീബലിപ്പുരയിലെ പ്രദക്ഷിണം പൂർത്തിയാക്കി തൃക്കൊടിയിറക്കി അകത്തെഴുന്നള്ളിച്ച് പൂജകൾ നടക്കും.