കിളിമാനൂർ: അദ്ധ്യാപക: വിദ്യാർത്ഥി അനുപാതത്തിൽ മാറ്റം വരുത്തി ആയിരക്കണക്കിന് അദ്ധ്യാപക തസ്തികകൾ ഇല്ലാതാക്കാനും, ആറ് മാസത്തേയ്ക്ക് കൂടി വീണ്ടും ശമ്പളം പിടിച്ചെടുക്കാനുമുള്ള സർക്കാർ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധം നടത്തി. പ്രതിഷേധ പ്രകടനം സംസ്ഥാന ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, സംസ്ഥാന എക്സി. കമ്മിറ്റി അംഗം പ്രദീപ് നാരായൺ, ജില്ലാ ട്രഷറർ ഷമീം കിളിമാനൂർ എന്നിവർ സംസാരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ശ്രീകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എൻ. സാബു, വി.പി. സുനിൽകുമാർ, സി.എസ്. വിനോദ്, ഉണ്ണികൃഷ്ണൻ, വിനോദ് ചിറയിൻകീഴ്, രാജേഷ്, സഞ്ജീവ് എന്നിവർ നേതൃത്വം നൽകി.