health

തലവേദനകളിൽ വേദനയുടെ കാഠിന്യം കൊണ്ട് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്

മൈഗ്രേൻ തന്നെ. സ്ത്രീകളിൽ 16 ശതമാനത്തിനും പുരുഷന്മാരിൽ 6 ശതമാനം പേരിലും മൈഗ്രേൻ ഉണ്ടാകാറുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

ബ്രെയിൻ സ്റ്റെം, ഹൈപ്പോത്തലാമസ് എന്നീ ഭാഗങ്ങളിലെ ഘടനാ പരിവർത്തനമോ വീക്കമോ കാരണമാണ് മൈഗ്രേൻ ഉണ്ടാകുന്നത്. സെറോട്ടോണിൻ എന്ന സവിശേഷ രാസപദാർത്ഥത്തിന്റെ അഭാവം കാരണം തലയോട്ടിയിലെ രക്തക്കുഴലുകൾ സമൂലമായി വികസിക്കുന്നു. ഇതോടെ അവയെ ആവരണം ചെയ്തിരിക്കുന്ന വേദനവാഹികളായ നാഡീതന്തുക്കൾ ഉത്തേജിക്കപ്പെടുകയും തീവ്രമായ തലവേദന അനുഭവപ്പെടുകയും ചെയ്യുന്നു. വെട്ടിത്തിളങ്ങുന്ന പ്രകാശരശ്മികൾ, ശബ്ദം നിറഞ്ഞ അന്തരീക്ഷം, മാനസിക സംഘർഷം, ആർത്തവം, ഉറക്കക്ഷീണം, മദ്യം, ചോക്ലേറ്റ്, നിർജ്ജലീകരണം എന്നിവയെല്ലാം പല അവസരങ്ങളിൽ മൈഗ്രേൻ വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

ഒരാളിൽ മൈഗ്രേൻ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കിലും അതു പെട്ടെന്ന് തീവ്രമാകുന്നത് സവിശേഷതരം ട്രിഗറുകളുടെ സാന്നിദ്ധ്യത്തിലാണ്.

ആർത്തവം, സ്ട്രെസ്, തളർച്ച, കൂടുതലും കുറച്ചും ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന സ്ഥലങ്ങളിൽ പോകുക, ദീർഘയാത്രകൾ, അമിതമായ പ്രകാശ രശ്മികൾ, ശബ്ദകോലാഹലങ്ങൾ, അമിതായാസം, ദീർഘനേരം ടിവി കാണൽ, വെയിലത്തു പോകുക, ചിലതരം ഗന്ധങ്ങൾ, ലൈംഗികബന്ധം, ഋതുഭേദങ്ങൾ, പെർഫ്യൂമുകൾ, ചുമയ്ക്കുക തുടങ്ങിയവയാണ് ട്രിഗറുകളിൽ പ്രധാനപ്പെട്ടത്.

ചിലതരം ഭക്ഷണ പദാർത്ഥങ്ങളും ട്രിഗറുകളാകാറുണ്ട്.

മൈഗ്രൻ ഉള്ളവരിൽ പത്തുശതമാനം പേർക്കും ഇത്തരത്തിൽ ആഹാരപദാർത്ഥകൾ വിനയാകാറുണ്ട്. ചോക്ളേറ്റുകൾ, ചീസ്, മദ്യം, നാരങ്ങ, കാപ്പിയിലെ കഫീൻ, അജിനമോട്ടോ, നൈട്രേറ്റുകളും അസ്‌‌പർട്ടേറ്റും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും പല കാഠിന്യത്തിൽ മൈഗ്രേന് ഉത്തേജക ഘടകങ്ങളാണ്. ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ കണ്ടുപിടിച്ച് അവയെ ഒഴിവാക്കുന്നതാണ് മൈഗ്രേനുള്ള ആദ്യ ചികിത്സാപദ്ധതി. ദിനചര്യകളുടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കുക, പിന്നീട് കൊടിഞ്ഞി ഉണ്ടായ ദിവസങ്ങളിൽ എന്തൊക്കെ ചെയ്തു എന്നു കണ്ടുപിടിക്കുകയാണ് വേണ്ടത്.

പുരുഷന്മാരെ അപക്ഷിച്ച് സ്ത്രീകൾക്ക് തന്നെയാണ് കൊടിഞ്ഞി കൂടുതലായുണ്ടാകുന്നത്. ഏഴ് ശതമാനം പുരുഷന്മാർക്ക് മൈഗ്രേൻ കാണുമ്പോൾ, ഇത് സ്ത്രീകളിൽ 27 ശതമാനം പേർക്ക് ഉണ്ടാകുന്നു. കൗമാരമെത്തുന്നതിനു മുമ്പ് ആൺകുട്ടികൾക്കാണ് മൈഗ്രേൻ കൂടുതലുണ്ടാകുന്നത്. 40 വയസുവരെ മൈഗ്രേനുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആ പ്രായം കഴിഞ്ഞു സാദ്ധ്യത കുറഞ്ഞുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ആർത്തവവുമായി ബന്ധപ്പെട്ട സ്ത്രൈണ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലാണ് സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കൂടുതലായി മൈഗ്രേനുണ്ടാകാനുള്ള പ്രധാന

കാരണം.

കുട്ടികളിലെ മൈഗ്രേൻ

കുട്ടികളിൽ തലവേദന പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ടെൻഷനും സ്ട്രെസും കാരണമുണ്ടാകുന്ന തലവേദനയാണ് മുഖ്യസ്ഥാനത്ത്. ആദ്യകാലങ്ങളിൽ കണ്ടുപിടിക്കപ്പെടാതെ പോകുന്ന കാഴ്ചത്തകരാറുകൾ കാരണമുള്ള തലവേദനയാണ് രണ്ടാം സ്ഥാനത്ത്. അതുകഴിഞ്ഞേ മൈഗ്രേൻ അഥവാ കൊടിഞ്ഞി വരുന്നുള്ളൂ. പഠനവും പരീക്ഷയുമുണ്ടാക്കുന്ന അമിത സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയാത്ത കുട്ടികൾക്കാണ് പ്രധാനമായി ടെൻഷൻ ഹെഡെയ്ക് ഉണ്ടാകുന്നത്. 50 ശതമാനത്തോളം കുട്ടികൾക്ക് ഇത്തരത്തിലുള്ള തലവേദനയുണ്ടാകുന്നുണ്ട്.

വേദന അസഹനീയം, ഐസ് പാക്ക് ആശ്വാസം

ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ ഇടവിട്ടുണ്ടാകുന്ന ശക്തമായ തലവേദനയാണ് സാധാരണ കൊടിഞ്ഞിയുടെ പ്രധാന ലക്ഷണം. തലയുടെ ഒരു വശത്തോ കണ്ണിനു ചുറ്റുമായോ തലവേദന തുടങ്ങാം.നെറ്റിയുടെ പിറകിലായി തലയുടെ വശങ്ങളിൽ വിങ്ങലോടുകൂടിയ തലവേദന ആകാം തുടക്കം. ഈ തലവേദന ഏതാനും മിനിട്ടുകളോ മണിക്കൂറുകളോ കൊണ്ടു ശക്തിപ്രാപിക്കുന്നു. രോഗി എല്ലാത്തരം സംവേദനങ്ങളും ഒഴിവാക്കാനായി ശബ്ദമില്ലാത്ത, ഇരുണ്ട മുറിയിൽ കിടന്നുറങ്ങാൻ താത്പര്യപ്പെടാറുണ്ട്. തലവേദന കൂടുമ്പോൾ തലയോട്ടിയുടെ പുറത്തുള്ള തൊലിയിൽ തൊടുമ്പോൾ പോലും വേദന തോന്നാം. മനംപുരട്ടലും ചിലപ്പോൾ ഛർദ്ദിയും അനുഭവപ്പെടും. ഛർദ്ദിച്ചു കഴിയുമ്പോൾ ചിലർക്ക് വേദന കുറയാറുണ്ട്. ചിലർക്ക് മരുന്ന് കഴിച്ചാലേ വേദന കുറയൂ. മറ്റുള്ളവരിൽ ഉറങ്ങി എണീക്കുമ്പോൾ തലവേദന കുറയാറുണ്ടെങ്കിലും ചിലപ്പോൾ തുടർന്നും തലവേദന നീണ്ടുനിൽക്കാറുണ്ട്.

ഓഫ്താൽമോപ്ളോജിക് മൈഗ്രേൻ കാരണം കണ്ണുകളിൽ വേദനയും ഒപ്പം ഛർദ്ദിയുമുണ്ടാകുന്നു. കൊടിഞ്ഞി കൂടിയാൽ കണ്ണുകൾ തുറക്കാനാകാത്തവിധം അടഞ്ഞുപോകും. കണ്ണുകൾക്കു ചുറ്റുമുള്ള പേശികൾക്ക് തളർച്ചയും വീക്കവുമുണ്ടാകുന്നു. ഒന്നോ രണ്ടോ ദിവസങ്ങൾ വരെ തലവേദന നീണ്ടുപോകാം.

ശക്തമായ മൈഗ്രേനുണ്ടാകുമ്പോൾ ഐസ് പാക്ക് തലയിലും കണ്ണുകളുടെ മുകളിലും വയ്ക്കുന്നതു തലവേദനയുടെ ശക്തി കുറയ്ക്കാൻ സഹായിക്കും. ധമനികൾ അസാധാരണമായി വികസിക്കുന്നതുകാരണമാണ് തലവേദന വർദ്ധിക്കുന്നത്. ഇങ്ങനെ വികസിച്ച രക്തക്കുഴലുകൾ ചുരുങ്ങാൻ ഇതു സഹായിക്കും.