വർക്കല: കുരയ്ക്കണ്ണി ബ്യൂറോ മുക്കിൽ നിന്നും കുന്നുവിള ക്ഷേത്രം പ്രീത് റോഡിലെ വെളളക്കെട്ട് നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ. വർക്കല നഗരസഭയിലെ 28ാം വാർഡിലാണ് റോഡ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ 4 വർഷം മുമ്പ് ഈ റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ 2 വർഷമായി റോഡിന്റെ പലഭാഗങ്ങളിലും കുണ്ടും കുഴിയും രൂപപ്പെടുകയും മഴക്കാലത്ത് വെളളക്കെട്ടും ഉണ്ടാകുന്നത് നിമിത്തം കാൽനടയാത്ര പോലും ദുസ്സമായിരിക്കുകയാണ്. വിദേശികൾ ഉൾപ്പെടെയുളള വിനോദസഞ്ചാരികൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. ടൂറിസം മേഖലയിലെ നിർണായക റോഡായ ഇവിടെ നിരവധി റിസോർട്ടുകളും ഹോട്ടലുകളും ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്. അശാസ്ത്രീയമായി ടാറിംഗ് നടത്തിയതാണ് റോഡ് പൊട്ടി പൊളിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇതുസംബന്ധിച്ച് നാട്ടുകാരും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ സംഘടനകളും വർക്കല നഗരസഭയ്ക്കും തിരുവനന്തപുരം ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി. അടിയന്തരമായി റോഡ് നവീകരണം നടത്തി വെളളക്കെട്ട് ഒഴിവാക്കുന്നതിനുളള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ പറഞ്ഞു.