savithri

കൊല്ലം: കുടുംബസ്വത്ത് എഴുതി നൽകാത്തതിന്റെ ദേഷ്യത്തിൽ അമ്മയെ മർദ്ദിച്ച് ജീവനോടെ കുഴിച്ചിട്ട കേസിൽ മകനും കൂട്ടാളിക്കും കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം പട്ടത്താനം നീതി നഗർ മാമൂട്ടിൽ കിഴക്കതിൽ സാവിത്രിയെ (72) കൊലപ്പെടുത്തിയ കേസിൽ മകൻ സുനിൽ കുമാർ, കൂട്ടാളി കൊല്ലം പുള്ളിക്കട കോളനി പുഷ്പ ഭവനത്തിൽ കുട്ടൻ എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്. 2019 സെപ്തംബർ മൂന്നിനായിരുന്നു സാവിത്രിയെ ജീവനോടെ കുഴിച്ചിട്ടത്. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പും ശേഷവും പ്രതികൾ പലതവണ കൊല്ലം സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ലഭിച്ചില്ല. രാസപരിശോധന വേഗത്തിൽ പൂർത്തിയാക്കി വിചാരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി.

അരും കൊല പുറത്തായത് ഇങ്ങനെ

സാവിത്രിയമ്മയെ കാണാനില്ലെന്ന് കാട്ടി വള്ളിക്കുന്നത് താമസിക്കുന്ന മകൾ ലാലി സെപ്തംബർ 15ന് കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി തുടർന്ന് നാടാകെ അന്വേഷിച്ചിട്ടും വിവരം ലഭിക്കാതെ വന്നതോടെ മകൻ സുനിലിലേക്ക് പൊലീസ് അന്വേഷണം കേന്ദ്രീകരിച്ചു. സ്വത്തിന്റെ പേരിൽ അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. സാവിത്രിയെ കാണാതായതിന് പിന്നാലെ വീട് പൂട്ടി സുനിൽ നാട് വിട്ടിരുന്നു. തിരികെയെത്തിയ സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തായത്. സെപ്തംബർ 3ന് രാത്രിയിൽ മദ്യപിച്ചെത്തിയ സുനിൽ അമ്മയുമായി തർക്കമുണ്ടായി. തർക്കത്തിനിടെ മുഖത്ത് അടിയേറ്റ സാവിത്രി കുഴഞ്ഞുവീണു, വെള്ളം തളിച്ചിട്ടും ഉണരാതിരുന്നതോടെ മരിച്ചെന്ന് കരുതി സുനിൽ പുറത്തുപോയി. പുലർച്ചെ രണ്ടോടെ തിരികെവരുമ്പോൾ സുഹൃത്ത് കുട്ടൻ ഓട്ടോറിക്ഷയുമായി വീടിന് സമീപത്ത് കാത്തുനിന്നിരുന്നു. ഇരുവരും മദ്യപിച്ച ശേഷംസുനിൽ കുട്ടനോട് വിവരം പറഞ്ഞു. മൺവെട്ടി എടുത്തുകൊണ്ടുവന്നത് കുട്ടനാണ്. വീടിന് വടക്ക്‌ മതിലിനോട് ചേർന്ന് കുഴിയെടുത്ത് സാവിത്രിയുടെ ശരീരം അതിലിട്ട് മൂടി. പിന്നീട് സുനിൽകുമാർ സാവിത്രിയുടെ ശരീരത്തിൽ കയറിനിന്ന് ചവിട്ടി കുഴിയിലേക്ക് താഴ്ത്തി. ഇങ്ങനെ ഇവരുടെ വാരിയെല്ലുകൾക്കും പൊട്ടലേറ്റിരുന്നു. സാവിത്രിയുടെ ശരീരം ജീവനോടെ കുഴിച്ചിട്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്