v
അടപ്പിനകം ചെറുവാളം നടപ്പാത

വെഞ്ഞാറമൂട്: നിരവധി യാത്രക്കാ‌ർ ആശ്രയിക്കുന്ന നടപ്പാതയോട് അധികൃതർ തുടരുന്ന അവഗണനയിൽ പ്രതിഷേധം ശക്തം. കല്ലറ ഗ്രാമ പഞ്ചായത്തിലെ പരപ്പിൽ പനകുന്ന് റോഡിൽ അടപ്പിനകത്തുനിന്നും ചെറുവാളത്ത് എത്തുന്ന രണ്ട് കിലോമീറ്റർ ദൂരമുള്ള നടപ്പാതയാണ് യാത്രക്കാർക്ക് ഭീതി സമ്മാനിക്കുന്നത്.

അടപ്പിനകത്തുനിന്നും നടപ്പാതയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് 15 അടിയോളം താഴ്ചയാണ്. ഇതുവഴി ചെറിയ വാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയില്ല. നൂറോളം കുടുംബങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.

വാഹനം കടന്നുചെല്ലാത്തതിനാൽ ചെറുവാളം അടപ്പിനകം തുടങ്ങിയ സ്ഥലങ്ങളിൽ വാഹനമിറങ്ങുന്നവർ ഏറെ ദൂരം നടന്നാണ് വീടുകളിലെത്തുന്നത്. വീട് നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ സ്ഥലത്തെത്തിക്കുന്നതിനും തലച്ചുമട് മാത്രമാണ് പോംവഴി. കൂലിയിനത്തിൽ വലിയൊരു തുകയാണ് ഇത്തരത്തിൽ ചെലവാകുന്നത്. അസുഖബാധിതരേയും ചുമന്ന് വേണം പ്രധാന റോഡിൽ എത്തിക്കാൻ. സമീപകാലത്ത് ഹൃദയാഘാതമുണ്ടായ വ്യക്തിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ മരിച്ച സംഭവവും ഉണ്ടായി. മഴക്കാലത്ത് അടപ്പിനകം തോട് നിറഞ്ഞൊഴുകുന്നതിനാൽ സ്കൂൾ വിദ്യാർത്ഥികളും അങ്കണവാടിയിലേക്ക് കുഞ്ഞുങ്ങളെയും കൊണ്ട് പോകുന്ന അമ്മമാരും ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി സഞ്ചരിക്കുന്നത്.

അടപ്പിനകം-പനകുന്ന്-ചെറുവാളം റോഡിന്റെ നിർമ്മാണം പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. 2020-2021 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

ജി.ശിവദാസൻ,​ പ്രസിഡന്റ് കല്ലറ ഗ്രാമ പഞ്ചായത്ത്

പനകുന്ന് നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് അടപ്പിനകം ചെറുവാളം റോഡ്. വാഹനഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ റോഡ് പുനർനിർമ്മിക്കുന്നതിന് കല്ലറ പഞ്ചായത്ത് അടിയന്തര പ്രാധാന്യം നൽകണം.

രാജേഷ് പി.ടി. പരപ്പിൽ ബി.ജെ.പി

അടപ്പിനകം, പനകുന്ന്, ചെറുവാളം പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് കല്ലറ പഞ്ചായത്ത് ഭരണസമിതി പ്രത്യേകം ഊന്നൽ നൽകണം.

ഷിബു കല്ലറ,​ മുസ്ലിം ലീഗ്