നെടുമങ്ങാട്: സ്വാമി അയ്യപ്പൻ ഉൾപ്പെടെയുള്ള ജനപ്രിയ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ അരുവിക്കര കുഴിവിളാകത്ത് വീട്ടിൽ ശബരിനാഥിന്റെ (49) വിയോഗം നാടിനു നൊമ്പരമായി. കുട്ടിക്കാലം മുതൽ കലാപ്രവർത്തനങ്ങളിൽ ശബരിനാഥ് സജീവമായിരുന്നു. അരുവിക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പഠനശേഷം എം.ജി കോളേജിൽ നിന്ന് ബിരുദം നേടി. തുടർന്ന് ടെക്‌നോപാർക്കിൽ ജീവനക്കാരനായി. വിവാഹത്തോടെ ഭാര്യ ശാന്തിയുടെ ഉടമസ്ഥതയിലുള്ള ചൊവ്വരയിലെ ആയുർവേദ സെന്ററിന്റെ നടത്തിപ്പ് ഏറ്റെടുത്തപ്പോഴും ആഴ്ച തോറും അരുവിക്കരയിലെത്തി സുഹൃത്തുക്കൾക്കൊപ്പം കായിക വിനോദങ്ങളിലേർപ്പെടുമായിരുന്നു. ശബരീനാഥ് സീരിയൽ രംഗത്ത് സജീവമായിട്ട് എട്ടുവർഷമായി. പാടാത്ത പൈങ്കിളി, സാഗരം സാക്ഷി, പ്രണയിനി തുടങ്ങിയ സീരിയലുകളിൽ പ്രധാനം വേഷങ്ങൾ ചെയ്‌ത് ശ്രദ്ധ നേടിയ ശബരിനാഥ് സാഗരം സാക്ഷിയുടെ നിർമ്മാണത്തിലും പങ്കാളിയായി. അടുത്തിടെ സംപ്രേഷണം ആരംഭിച്ച നിലവിളക്കിൽ അഭിനയിച്ചുവരികയായിരുന്നു. ആത്മയുടെ (സീരിയൽ താരങ്ങളുടെ സംഘടന) എക്‌സി. അംഗമാണ്. വ്യാഴാഴ്ച കുടുംബ വീട്ടിലെത്തിയ ശബരി വൈകിട്ട് ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നതിനാൽ പോസ്റ്റുമോർട്ടം നടപടികൾ ഒഴിവാക്കി. ഇന്നലെ ഉച്ചയോടെ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. വീടിനു സമീപത്തെ മുടക്കികടവിലുള്ള കുടുംബ ശ്‌മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. ദിനേശ് പണിക്കർ, കിഷോർ സത്യാ, സാജൻ സൂര്യ, ഫസൽ റാഫി, ഉമാ നായർ, ശരത്ത് തുടങ്ങി സീരിയൽ താരങ്ങൾക്ക് പുറമെ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, കെ.എസ്. സുനിൽകുമാർ, അഡ്വ.ആർ. രാജ്‌മോഹൻ, അരുവിക്കര വിജയൻ നായർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സഞ്ചയന ചടങ്ങുകൾ 24ന് രാവിലെ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.