sumi

തിരുവനന്തപുരം: രണ്ട് വർഷത്തോളമായി മരുന്നുകളുടെ ലോകത്താണ് സുമി. വൃക്ക രോഗത്തിന്റെ രൂപത്തിൽ വിധി പരീക്ഷിക്കാൻ തുടങ്ങിയിട്ടും സുമിയും ഭർത്താവ് ശ്രീജിത്തും തോൽക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ഇവർക്ക് പിടിച്ചുനിൽക്കണമെങ്കിൽ കരുണയുള്ളവരുടെ സഹായം ആവശ്യമാണ്. ഇരു വൃക്കകളും തകരാറിലായ മാറനല്ലൂർ ചെമ്പരി തിരുവമ്പാടി വീട്ടിൽ സുമി (30)​ ഏഴ് മാസമായി ഡയാലിസിസിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നത്. ആഴ്ചയിൽ രണ്ട് വീതം ഡയാലിസിസ് വേണം. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവയ്ക്കുകയും വേണം. ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ ഭർത്താവ് ശ്രീജിത്തിന് താങ്ങാനാകുന്നതല്ല ചികിത്സാചെലവ്. ഓരോ തവണയും ഡയാലിസിസ് ചെയ്യണമെങ്കിൽ രണ്ടായിരം രൂപയിലധികം വേണം. സുമിക്ക് തനിച്ചൊന്നും ചെയ്യാൻ സാധിക്കാത്തതിനാൽ ശ്രീജിത്തിന് സ്ഥിരമായി ജോലിക്ക് പോകാനുമാകില്ല. ജ്വല്ലറി ജീവനക്കാരനായ ശ്രീജിത്ത് സുമിക്ക് അസുഖം ബാധിച്ചതോടെയാണ് ജോലി ഉപേക്ഷിച്ച് ഭക്ഷണ വിതരണക്കാരനായത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ലോക്ക് ഡൗൺ കാലത്തടക്കം ചികിത്സ മുടക്കാതിരുന്നത്. ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലാണ് ചികിത്സ. സുമിക്ക് അനുയോജ്യമായ കിഡ്നി ദാതാവിനെയും കണ്ടെത്തണം. ശസ്ത്രക്രിയയ്ക്കായി ഏകദേശം 17 ലക്ഷം രൂപയോളം വേണമെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചിരിക്കുന്നത്. സുമനസുകൾ കനിഞ്ഞാൽ സുമിക്ക് ജീവിതത്തിലേക്ക് മടങ്ങിവരാമെന്ന് ഉറപ്പാണ്. ശ്രീജിത്തിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഫോർട്ട് ബ്രാഞ്ചിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67111537113,​ ഐ.എഫ്.സി കോഡ്: SBIN0070481. ശ്രീജിത്തിന്റെ ഫോൺ നമ്പർ: 9747304173.