നെടുമങ്ങാട് : സഹകരണ സംഘങ്ങളിൽ സബ് സ്റ്റാഫ് ജീവനക്കാരുടെ പ്രമോഷൻ തടയുന്ന ചട്ടം 185 (10) റദ്ദാക്കുക, കമ്മീഷൻ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, ഫിഷറീസ് കയർ സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണ റിപ്പോർട്ട് നടപ്പിലാക്കുക, കൊവിഡുമായി ബന്ധപ്പെട്ട് സഹകരണ ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ വിവിധ വിഭാഗം സഹകരണ സംഘം ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു. കരകുളം സർവീസ് സഹകരണ ബാങ്കിൽ കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബി. ബിജു ഉദ്ഘാടനം ചെയ്തു. സി.ജി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. നെടുമങ്ങാട് സർവീസ് സഹകരണ ബാങ്കിനു മുന്നിൽ യൂണിയൻ ഏരിയ സെക്രട്ടറി ജെ. ജയകുമാർ സമരം ഉദ്ഘാടനം ചെയ്തു. കെ.എസ്. അശോക് അദ്ധ്യക്ഷത വഹിച്ചു. ലാലു കൃഷ്ണൻ, കെ. അജയകുമാർ, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. മുണ്ടേല സർവീസ് സഹകരണ ബാങ്കിൽ പി.എസ്. രാഹുൽ, അക്ഷര കുമാരി, ജെ. സതീഷ് കുമാർ എന്നിവരും അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ ഹരിലാൽ, വിഷ്ണു എന്നിവരും ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ ശ്യാംകുമാർ, ബി. ശ്രീകുമാർ എന്നിവരും നേതൃത്വം നൽകി. ജീവനക്കാർ പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്.