വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ ആദിവാസികളുടെ നീണ്ട വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. കമ്പിച്ചൽ കടവ് പാലം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പൂർണമായി. സംസ്ഥാന സർക്കാർ 17.25 കോടി രൂപയാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി പാലത്തിനുവേണ്ടി അനുവദിച്ചിട്ടുള്ളത്. എൽ.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ തന്നെ പാലത്തിന് 15 കോടി രൂപ സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് അനുവദിച്ചിരുന്നു. എന്നാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കുണ്ടായ കാലതാമസമാണ് പാലം നിർമ്മാണം വൈകിയത്. നെയ്യാർ കരിപ്പയാറിനു കുറുകെയാണ് 253.4 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലവും അപ്രോച്ച് റോഡും നിർമ്മിക്കുന്നത്. വനം വകുപ്പിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. വർഷങ്ങളായി 11 സെറ്റിൽമെന്റിലെ ആദിവാസികൾ കാൽനടയായി എത്തി കടത്ത് കടന്നാണ് അമ്പൂരിയിൽ അത്യാവശ്യകാര്യങ്ങൾക്കും വിദ്യാഭ്യാസത്തിനും എത്തിയിരുന്നത്. നിരവധി അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സി.കെ.ഹരീന്ദ്രൻ എം.എൽ.എയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പാലത്തിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്ത കരാറു കാരും സ്ഥലം സന്ദർശിച്ചു. സേംസ് കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. എത്രയും പെട്ടെന്ന് ആദിവാസകളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നും സി.കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.