കോവളം: പുളിങ്കുടി ആഴിമലയിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ നാല് യുവാക്കളിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള ഇരയിമ്മൻതുറ പുരയിടത്തിൽ ക്ലീറ്റസ്-സുമ ദമ്പതികളുടെ മകൻ ജോൺസൺ ക്ലീറ്റസ് (24), പുല്ലുവിള കൊച്ചുപള്ളി ചന്തയ്ക്ക് സമീപം നെപ്പോളിയൻ-മരിയ ദമ്പതികളുടെ മകൻ മനു നെപ്പോളിയൻ (23) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന പുല്ലുവിള വലിയപള്ളിക്ക് സമീപം വർഗീസ്- മാർഗരീത്ത് ദമ്പതികളുടെ മകൻ സന്തോഷ് വർഗീസ് (25), പുല്ലുവിള ഇരയിമ്മൻതുറ പുരയിൽ ജോർജ് - സ്‌റ്റെല്ല ദമ്പതികളുടെ മകൻ സാബു ജോർജ് (23) എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ജോൺസൺ ക്ലീറ്റസിന്റെ മൃതദേഹം കോവളം ഗ്രോബീച്ചിൽ നിന്ന് ഇന്നലെ രാവിലെ 8.30നും മനു നെപ്പോളിയന്റേത് പൂന്തുറ പൊഴിക്കരയ്ക്ക് സമീപത്ത് നിന്ന് 9.30നുമാണ് കണ്ടെത്തിയത്.
കടലിൽ മൃതദേഹങ്ങൾ ഒഴുകിനടക്കുന്നതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്റെ പട്രോളിംഗ് ബോട്ട് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. എം. വിൻസെന്റ് എം.എൽ.എ, നെയ്യാറ്റിൻകര തഹസിൽദാർ ടി.എം. അജയകുമാർ, വിഴിഞ്ഞം എസ്.ഐ എസ്.എസ്. സജി, കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ എച്ച്. അനിൽകുമാർ, എ.എസ്.ഐ അനിൽ എന്നിവരുടെ സ്ഥലത്തെത്തി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധന ഫലമെത്തിയശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
എം.ബി.എ പഠനത്തിനായി യു.കെയിലേക്ക് പോകുന്ന ജോൺസന്റെ യാത്രഅയപ്പിന്റെ ഭാഗമായാണ് പുല്ലുവിള സ്വദേശികളായ 10 അംഗ സുഹൃത്സംഘം വ്യാഴാഴ്ച വൈകിട്ട് നാലോടെ ആഴിമലയിൽ ഒത്തുചേർന്നത്.