വർക്കല: ഇടവ കാപ്പിൽ തീരദേശ റോഡിലെ ഇടവ വെറ്റക്കട ഭാഗത്ത് കൊടും വളവുകൾ, കാട്ട് പുല്ലുകൾ, വൈദ്യുതി തൂണുകൾ, മേൽ മൂടിയില്ലാത്ത സ്ലാബുകൾ എന്നിവ യാത്രക്കാർക്ക് ഭീഷണിയാകുന്നു. വെറ്റക്കട പള്ളിമുക്ക് മുതൽ കാപ്പിൽപടി വരെ നീളുന്ന ഭാഗങ്ങളിലാണ് അപകടം പതിയിരിക്കുന്നത്. കൊടുംവളവുകൾ നിവർത്തി റോഡിന് വീതി കൂട്ടണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതർ മുഖവിലക്കെടുക്കുന്നില്ലെന്നും പരാതിയുണ്ട്.
റോഡിന്റെ ഒരു വശത്ത് നല്ല താഴ്ചയാണ്. ഈ ഭാഗങ്ങളിൽ വളർന്നു നിൽക്കുന്ന കാട്ടുപുല്ലുകൾ കാഴ്ചമറയ്ക്കുന്നു. കാൽനടയാത്രക്കാർ പോലും താഴ്ച അറിയാതെ അപകടത്തിൽപ്പെട്ട സംഭവങ്ങളും നിരവധിയാണ്.
വിനോദസഞ്ചാരകേന്ദ്രമായ കാപ്പിലിലേക്ക് സഞ്ചാരികൾ ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഇവർക്ക് കൃത്യമായ ദിശ അറിയാനും റോഡിലെ തടസം കാരണം കഴിയുന്നില്ല. അശാസ്ത്രീയമായ റോഡ് നിർമാണവും ദീർഘവീക്ഷണമില്ലായ്മയും നിമിത്തമാണ് ഈ ഭാഗങ്ങളിൽ അപകടം പതിവായതെന്നാണ് നാട്ടുകാർ പറയുന്നത്. ഇടവ വെറ്റക്കട മേഖലയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
നടപടികൾ ഇനിയും അകലെ
വെറ്റക്കട ഭാഗത്തെ താഴ്ചയുള്ള സ്ഥലങ്ങളിൽ സംരക്ഷണ വേലികൾ സ്ഥാപിക്കണമെന്ന ആവശ്യത്തോട് അധികൃതർ പ്രതികരിച്ചിട്ടില്ല. റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന തൂണുകൾ മാറ്റുന്നതിന് കെ.എസ്.ഇ.ബിയും ഗ്രാമപഞ്ചായത്തും പൊതുമരാമത്ത് വകുപ്പും തയ്യാറാകാത്തതും മറ്രൊരു പ്രശ്നമാണ്. വർഷങ്ങൾക്ക് മുൻപ് കാപ്പിൽ മുതൽ വർക്കല വരെ റോഡ് വികസനം നടത്തിയപ്പോൾ വെറ്റക്കട ഭാഗത്തെ റോഡിന് വീതി കൂട്ടാനോ വളവുകൾ നിവർത്താനോ തയ്യാറായിരുന്നില്ല.
പ്രധാന പ്രശ്നങ്ങൾ ഇവയൊക്കെ...
താരതമ്യേന വീതി കുറഞ്ഞ റോഡ്
സൈഡ് നൽകുമ്പോൾ ഓടയിൽ വീഴും
ഓടകൾക്ക് മേൽമൂടിയില്ല
200 മീറ്റർ ദൂരത്തിൽ 10 ഓളം വൈദ്യുതി തൂണുകൾ
വീതി കൂട്ടാൻ സ്ഥലം ഏറ്റെടുത്തത് പാഴായി
റോഡരികിൽ കാട് വളർന്നുനിൽക്കുന്നു
അപകടങ്ങൾ തുടർക്കഥ
2018 സെപ്തംബറിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് കല്ലമ്പലം സ്വദേശിയായ ഒരു യുവാവ് മരിച്ചു
2019 ജൂണിൽ ഗ്യാസ് ഏജൻസിയുടെ പിക്കപ്പ് ബൈക്കിലിടിച്ച് ഭൂതക്കുളം സ്വദേശിയായ യുവാവ് മരിച്ചു
കഴിഞ്ഞ 4 വർഷത്തിനിടയിൽ 25 ഒാളം അപകടങ്ങൾ