നെടുമങ്ങാട് : പശ്ചിമബംഗാൾ സ്വദേശിയെ നെടുമങ്ങാട് മഞ്ചയിലെ സ്കൂൾ ക്യാമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. സജൻ സർക്കാർ എന്ന യുവാവാണ്‌ മരിച്ചത്. ഒപ്പം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഇന്നലെ രാവിലെയാണ് മരണ വിവരം നാട്ടുകാരെ അറിയിച്ചത്. ഇയാൾക്ക് കടുത്ത പനി ഉണ്ടായിരുന്നതായും തൊഴിലാളികൾ പറയുന്നു. മഞ്ച ജെ.ടി.എസ് സെന്ററിൽ പ്രവർത്തിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലാണ് സംഭവം. 12 പേരെയാണ് ഇവിടെ പാർപ്പിച്ചിട്ടുള്ളത്. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊവിഡ് പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു.