കോവളം: കല്ലിയൂർ പഞ്ചായത്തിലെ വെള്ളായണി വാർഡിൽ സ്ഥിതി ചെയ്യുന്ന നൂറ്റി ഇരുപത്തിയഞ്ച് വർഷത്തെ ചരിത്രമുള്ള വെള്ളായണി എം.എൻ.എൽ.പി.എസ്സിലെ ക്ലാസ്മുറികൾ സ്മാർട്ട് ക്ലാസ് റൂമുകളായി മാറ്റുന്നു. ഇതിന്റെ ആദ്യപടിയെന്നോണം പുതുതായി പണികഴിപ്പിച്ച സ്മാർട്ട് ക്ലാസ്മുറിയുടെ ഉദ്ഘാടനം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി നിർവഹിച്ചു. അടുത്ത അദ്ധ്യയന വർഷത്തിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് റൂമുകൾ ആയിരിക്കുമെന്ന് വാർഡ് മെമ്പർ മനോജ് കെ. നായർ അറിയിച്ചു. സ്മാർട്ട് ക്ലാസ് റൂമുകൾക്ക് പുറമേ കുട്ടികളെ ആകർഷിക്കാനും മാനസിക ഉല്ലാസത്തിനും ഉതകുന്ന തരത്തിലുള്ള ക്ലാസ് മുറികളും പ്രൈമറി തലത്തിൽ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ചുരുക്കം ചില എൽ.പി സ്‌കൂളുകളിലാണ് ഇത്തരം ക്ലാസ്മുറികൾ ഉള്ളത്. വെള്ളായണി ദേവീ ക്ഷേത്രത്തിന്റെയും കായലിന്റെയും ചരിത്ര പശ്ചാത്തലത്തിലുള്ള ചുമർചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ വിവിധ പദ്ധതി ഫണ്ടുകൾ ഏകോപിപ്പിച്ച് ഇരുപത്തഞ്ച് ലക്ഷത്തോളം രൂപ ചെലവാക്കി അടുക്കള, ഹാൾ, ശുചിമുറി എന്നിവയും നിർമ്മിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പത്മകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ജയന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി. സതീശൻ, എം. വിനുകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ് കെ.നായർ, ചന്തുകൃഷ്ണ, കൃഷ്ണകുമാരി, പ്രഥമാദ്ധ്യാപിക ബീന സരോജം, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.