തിരുവനന്തപുരം: ഇന്നലെ എം.ബി.എ പഠനത്തിനായി യു.കെയിലേക്ക് വിമാനം കയറേണ്ടതായിരുന്നു ജോൺസൺ ക്ലീറ്റസ്. അവനെ സന്തോഷപൂർവം യാത്ര അയയ്ക്കാനെത്തിയതാണ് സുഹൃത്തുക്കൾ. സന്തോഷപൂർവം ഒത്തുചേരാനെത്തിയ കൂട്ടുകാരെയാണ് കടൽ തട്ടിയെടുത്തത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് കുളിക്കാനിറങ്ങിയ സുഹൃത്തുക്കളുടെ സംഘം തിരയിൽ പെടുന്നത്. കാണാതായ നാല് പേരിൽ പുല്ലുവിള സ്വദേശികളായ ജോൺസൺ ക്ലീറ്റസ് (24), മനു നെപ്പോളിയൻ (23) എന്നിവരുടെ മൃതദേഹം കണ്ടെത്തി. ബാക്കി രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്. 'നാളെ ഞാൻ യു.കെയിലേക്ക് പോവുകയാണ്, ഇന്ന് വൈകിട്ട് കാണണം' എന്ന് പറഞ്ഞ് ജോൺസൺ വിളിച്ചപ്പോൾ ഓടിയെത്തിയതാണ് സുഹൃത്തുക്കൾ. സന്തോഷം സങ്കടത്തിലേക്ക് വഴിമാറാൻ അധികം സമയമെടുത്തില്ല. വ്യാഴാഴ്ച വൈകിട്ടോടെയാണ് പത്തംഗ സംഘത്തിലെ രണ്ടുപേർ അടിമലത്തുറയിലെ കടലിൽ കുളിക്കാനിറങ്ങിയത്. തിരയിൽപ്പെട്ട ഇവരെ രക്ഷിക്കാനിറങ്ങിയ മൂന്ന് പേർ കൂടി തിരയിൽ അകപ്പെടുകയായിരുന്നു. സമീപത്ത് ചൂണ്ടയിട്ടിരുന്ന മത്സ്യത്തൊഴിലാളി നൽകിയ കയറിന്റെ തുമ്പ് നിക്കൽസണിനെ രക്ഷിച്ചു. എന്നാൽ ബാക്കി നാല് പേരെയും കാണാതാവുകയായിരുന്നു.

 ജോൺസൺ പോയി...

യു.കെയിലേക്ക് അല്ല...

പൂവാർ: ജോൺസൺ ക്ലീറ്റസ് യു.കെയിലേക്കുള്ള യാത്ര ഏറെ സ്വപ്‌നം കണ്ടതാണ്. കാത്തിരിപ്പിനൊടുവിൽ അവസരം കൈക്കുമ്പിളിലെത്തിയപ്പോൾ വിധി മരണത്തിന്റെ രൂപത്തിൽ ജീവൻ തട്ടിയെടുത്തു. ജോൺസന്റെ മാത്രമല്ല പിതാവ് ക്ലീറ്രസിന്റെയും അമ്മ സുമയുടെയും സഹോദരി നീനുവിന്റെയും കൂടി സ്വപ്‌നമായിരുന്നു ആ യു.കെ യാത്ര. പുല്ലുവിള ഇരയിമ്മൻതുറ കാഞ്ഞിരംകുളം ചാവടിയിലെ ആ വാടകവീട്ടിൽ സങ്കടക്കടലാണ്. അകത്തെ മുറിയിൽ യു.കെയിലേക്ക് പോകുന്ന മകന് കൊണ്ടുപോകുന്നതിനായി തയ്യാറാക്കിവച്ച സാധനങ്ങൾ വെറുതെയായി. യു.കെയിലെത്തിയാൽ ഇടാനുള്ള പുത്തനുടുപ്പുകളും അമ്മയുണ്ടാക്കിയ പലഹാരങ്ങളും അക്കൂട്ടത്തിലുണ്ട്. ഓട്ടോ ഡ്രൈവറായ ക്ലീറ്റസ് തന്റെ സമ്പാദ്യമെല്ലാം ചേർത്തുവച്ചാണ് മകനെ ഉന്നത പഠനത്തിന് യു.കെയിൽ അയയ്ക്കാൻ തയ്യാറെടുത്തത്. ലോൺ എടുത്തും കടം വാങ്ങിയും 4 ലക്ഷം രൂപ ഫീസിനത്തിൽ അടച്ചു. 'എന്റെ കഷ്ടപ്പാട് മക്കൾക്കുണ്ടാകരുത്. അവർ സമൂഹത്തിൽ ഉന്നതരാവണം അതിനുവേണ്ടിയാണ് ഞാനീ കഷ്ടപ്പാടെല്ലാം സഹിച്ചത്. എല്ലാം പോയി, ഇടറുന്ന ശബ്ദത്തിൽ ക്ലീറ്റസ് പറഞ്ഞു. നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഏറെ പ്രിയങ്കരനായിരുന്നു ജോൺസൺ. ഇനി ഞാൻ ആരെ കാത്തിരിക്കണമെന്നാണ് അമ്മ സുമ ചോദിക്കുന്നത്. ഏക സഹോദരി നീനു അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയാണ്.

' എനിക്ക് എല്ലാം കടൽ തന്നു. ഇപ്പോ എല്ലാം കടൽതന്നെ കൊണ്ടുപോയി. എന്റെ മകനെയും..' പറയുമ്പോൾ മനു നെപ്പോളിയന്റെ പിതാവ് നെപ്പോളിയൻ ലൂയിസിന്റെ ഹൃദയം വിങ്ങുകയാണ്. കഷ്ടപ്പാടിനിടയിലും മകനെ ഉയരത്തിലെത്തിക്കണമെന്ന മത്സ്യത്തൊഴിലാളിയായ ഒരു അച്ഛന്റെ ആഗ്രഹമാണ് കടൽ തട്ടിയെടുത്തത്. ബി.കോം വിദ്യാർത്ഥിയാണ് മരിച്ച മനു നെപ്പോളിയൻ. കോസ്റ്റൽ റേഡിയോയിലെ ജീവനക്കാരി സിന്ധു ഏക സഹോദരിയാണ്.