youth-congress-protest

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സമരങ്ങൾക്ക് നേരെയുള്ള പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ കുത്തിയിരുന്നു.

ഇന്നലെ വൈകിട്ട് നാലുമണിയോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

മലപ്പുറത്തും പാലക്കാടും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നടന്ന മാർച്ചിൽ പ്രവർത്തകരുടെ തല പൊട്ടുകയും, കണ്ണിനു പരിക്കേൽക്കുകയും ചെയ്ത ചിത്രങ്ങൾ ഇവർ ഉയർത്തിപ്പിടിച്ചിരുന്നു.

ഷാഫി പറമ്പിലും ശബരീനാഥനും മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് തടസപ്പെടുത്താൻ പൊലീസ് വാഹനം ഉച്ചത്തിൽ ഹോൺ മുഴക്കി തൊട്ടടുത്തുവരെ വന്നു. നെഞ്ചത്തുകൂടി കയറ്റിയിറക്കൂ..എന്ന് ഉച്ചത്തിൽ അവർ പ്രതികരിച്ചു.

വർഗീയത പറഞ്ഞും പ്രതിഷേധങ്ങളെ ചോരയിൽ മുക്കിയും രക്ഷപ്പെടാനുള്ള സർക്കാരിന്റെ തന്ത്രം വിജയിക്കില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. എം.എൽ.എമാരെയും യൂത്ത് കോൺഗ്രസ് ഭാരവാഹികളായ റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, എസ്.എം ബാലു, സുധീർഷാ പാലോട്, നിനോ അലക്‌സ്, ഷജീർ നേമം, വിനോദ് കോട്ടുകാൽ, അരുൺ രാജൻ, സരിൻ എന്നിവരേയും അറസ്റ്റ് ചെയ്തു നീക്കി.

 ഇന്റലിജൻസ് ഞെട്ടി

എം.എൽ.എമാരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസ് ആസ്ഥാനത്തിന്റെ ഗേറ്റുവരെ എത്തി സമരം ചെയ്തത് ഇന്റലിജൻസിന് നാണക്കേടായി. ഇത്തരം സമരങ്ങൾ ഇന്റലിജൻസ് വിഭാഗം നേരത്തെ അറിഞ്ഞ് റിപ്പോർട്ട് ചെയ്യുകയാണ് പതിവ്. പൊലീസ് സമരക്കാരെ വഴിയിൽ തടയുകയും ചെയ്യും. എന്നാൽ, സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്ത് പൊലീസിനെ ഞെട്ടിച്ചായിരുന്നു യൂത്ത് കോൺഗ്രസ് സമരം.