sreekumar-

ചിറയിൻകീഴ്: റൂഫിംഗ് ഷീറ്റ് ഇട്ടുകൊണ്ടിരുന്ന വെൽഡിംഗ് തൊഴിലാളി കാൽവഴുതി വീണ് മരിച്ചു. മുരുക്കുംപുഴ കോട്ടറക്കരി എസ്.കെ ഭവനിൽ ശ്രീകുമാർ (36) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3.15ഓടെ കാട്ടുമുറാക്കൽ പള്ളിക്കു സമീപം നുജുമുദ്ദീനിന്റെ വീട്ടിൽ മേൽക്കൂരയുടെ ഷീറ്റിടുന്നതിനിടയിലാണ് അപകടം. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഷീറ്റുകൾ ഇടാൻ കയറുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. താഴെ ഇന്റർലോക്കിൽ വീണ് തലയ്ക്ക് സാരമായി പരിക്കേറ്റ ശ്രീകുമാറിനെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു വർഷം മുൻപാണ് ഇയാൾ പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയത്. ചന്ദ്രൻപിള്ള പിതാവും ചന്ദ്രിക മാതാവുമാണ്. ശ്രീദേവി, ശ്രീകല എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ. ഇന്ന് കൊവിഡ് പരിശോധനയ്ക്ക് ശേഷം മറ്റ് നടപടികൾ സ്വീകരിക്കും.