പുനലൂർ:ആട്ടിൻകൂട്ടിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ വാറ്റ് ചാരായം എക്സൈസ് സംഘം പിടികൂടി. ചാലിയക്കര ഉപ്പുകുഴി കമ്പിലൈനിൽ താമസക്കാരനായ എസ്.ഐ.കുട്ടൻ എന്ന ഓമനക്കുട്ടന്റെ(48)വീടിനോട് ചേർന്ന ആട്ടിൻ കൂട്ടിൽ കന്നാസുകളിൽ ഒളിപ്പിച്ച് വച്ചിരുന്ന വ്യാജ ചാരായമാണ് കണ്ടെടുത്തത്. റെയ്ഡിനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട ഓമനക്കുട്ടൻ ഇയാളുടെ കൈവശം ഉണ്ടായിരുന്ന കന്നാസിലെ പത്ത് ലിറ്റർ വാറ്റ് ചാരായം ഉപേക്ഷിച്ച് വനത്തിലേക്ക് ഓടി ഒളിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് ആട്ടിൻ കൂടിന്റെ കീഴിൽ നിന്നും രണ്ട് കന്നാസുകളിലും കുപ്പികളിലും നിറച്ച 20 ലിറ്റർ വാറ്റ് ചാരയം കൂടി കണ്ടെടുത്തത്. നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ഓമനക്കുട്ടനെതിരെ ഇന്നലെയും കേസ് എടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.പുനലൂരിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.നസീമുദ്ദീന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസർ ഷിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി, അശ്വന്ത്, നിനീഷ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വ്യാജ ചാരായം പിടി കൂടിയത്.