തിരുവനന്തപുരം: കൊവിഡ് ലോകത്താകെ ശമനമില്ലാതെ തുടരുന്നതിനിടെ രോഗലക്ഷണങ്ങളില്ലാതെയുള്ള രോഗവ്യാപനം കേരളത്തിലും വെല്ലുവിളിയായി തുടരുന്നു. വൈദ്യശാസ്ത്ര ലോകം 'നിശബ്ദ വ്യാപനം' എന്ന് വിശേഷിപ്പിക്കുന്ന ഈ അവസ്ഥയാണ് ഇപ്പോൾ കേരളത്തിലേതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ തലസ്ഥാന ജില്ലയിൽ രണ്ടിടത്ത് സമൂഹവ്യാപനം സ്ഥിരീകരിച്ചിരുന്നു. ഉറവിടമറിയാത്ത രോഗികൾ ഉണ്ടാകുന്നതും ഏതെങ്കിലും മേഖലയിൽ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്ന് പ്രത്യേക ക്ലസ്റ്ററുകൾ രൂപപ്പെടുന്നതുമാണ് സമൂഹവ്യാപനത്തിന്റെ ലക്ഷണം.
എന്നാൽ, കേരളത്തിൽ ഇപ്പോഴുള്ളത് സമ്പർക്ക വ്യാപനത്തിനൊപ്പം നിശബ്ദ വ്യാപനമാണ്. ഉറവിടമറിയാത്ത രോഗികൾ കൂടുതലായി ഉണ്ടാകുന്നതാണ് നിശബ്ദ വ്യാപനം. ഇവർക്ക് കൊവിഡ് പോസിറ്റീവ് ആയിരിക്കും. എന്നാൽ, രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. ലോകത്ത് 80 ശതമാനം പേരും കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരോ അല്ലെങ്കിൽ നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവരോ ആണ്. ഇന്ത്യയിലിത് 70 ശതമാനമാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) കണക്ക്.
രോഗാണു ശരീരത്തിൽ പ്രവേശിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതു മുതൽ പോസിറ്റീവ് ആകുകയാണ് സാധാരണ രീതി. എന്നാൽ, രോഗപ്രതിരോധ ശേഷിയുള്ളവരിൽ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടാകണമെന്നോ, പോസിറ്റീവ് ആകണമെന്നോയില്ല. വൈറസ് വാഹകനായ അയാളിൽ നിന്ന് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലേക്ക് രോഗം പകരാനുള്ള സാദ്ധ്യത ഏറെയാണ്. ഇവരിൽ വൈറസ് ശരീരത്തിൽ നിലനിൽക്കുന്ന വൈറീമിയ എന്ന അവസ്ഥയുണ്ടാക്കും. കോഴിക്കോട്ട് രണ്ട് ഡോക്ടർമാർക്ക് കൊവിഡ് പരിശോധനയിൽ പോസിറ്റീവ് ആയിരുന്നെങ്കിലും വൈറീമിയ എന്ന അവസ്ഥയിലായിരുന്നു.
പോംവഴി
രോഗം കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള പോംവഴി. ഇത് ചെലവേറിയതാണ്. അതിനാലാണ് പരിമിത എണ്ണത്തിലേക്ക് പരിശോധന ചുരുക്കിയത്. റാപ്പിഡ് ടെസ്റ്റിലൂടെ ഇതിനു പരിഹാരം കാണാം. നിരീക്ഷണത്തിലുള്ളവരുടെയെല്ലാം രക്തസാമ്പിളുകൾ ഇതിലൂടെ പരിശോധിക്കാമെന്നതും മേന്മയാണ്.
''
ആശങ്കപ്പെടാനില്ല, ഇപ്പോഴത്തെ പരിശോധന രണ്ടിരട്ടിയാക്കണം.
ഡോ.സുൽഫി നൂഹു,
ഐ.എം.എ വൈസ് പ്രസിഡന്റ്