തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഇന്നലെ നടന്നു. പതിവിൽ നിന്ന് വിപരീതമായി പടിഞ്ഞാറെ നടയിലെ മതിലകം ഓഫീസിനടുത്താണ് പള്ളിവേട്ട നടന്നത്. രാത്രി 8.15നാണ് പള്ളിവേട്ടയ്ക്കായി വിഗ്രഹങ്ങൾ എഴുന്നള്ളിച്ചത്. ശ്രീബലിപ്പുരയിലെ പ്രദക്ഷിണം കഴിഞ്ഞ് പടിഞ്ഞാറേ നടയിലൂടെ വിഗ്രഹങ്ങൾ പുറത്തെത്തിച്ചു. പള്ളിവേട്ടയ്ക്ക് സ്ഥാനി രാമവർമ്മ, എക്‌സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പടിഞ്ഞാറേ നട വഴി വിഗ്രഹങ്ങൾ തിരിച്ചെഴുന്നള്ളിച്ചു. ശ്രീബലിപ്പുരയിലെ പ്രദക്ഷിണം പൂർത്തിയാക്കി പള്ളിക്കുറുപ്പിന്റെ പൂജകൾ നടത്തി. ഇന്ന് വൈകിട്ട് ആറാട്ട് നടക്കും. ഇത്തവണ പദ്മതീർത്ഥത്തിലാണ് ആറാട്ട് നടത്തുക. വൈകിട്ട് 6.15ന് വിഗ്രഹങ്ങൾ ശ്രീബലിപ്പുരയിലെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേനട നാടകശാല മുഖപ്പ് വഴി പദ്മതീർത്ഥക്കരയിലേക്ക് എഴുന്നള്ളിക്കും. പദ്മതീർത്ഥക്കരയിൽ തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ആറാട്ടുപൂജ നടക്കും. ആറാട്ടുകഴിഞ്ഞ് കിഴക്കേനട വഴിയായിരിക്കും വിഗ്രഹങ്ങൾ തിരിച്ചെഴുന്നള്ളിക്കുക. ശ്രീബലിപ്പുരയിലെ പ്രദക്ഷിണം പൂർത്തിയാക്കി തൃക്കൊടിയിറക്കി അകത്തെഴുന്നള്ളിച്ച് പൂജകൾ നടക്കും.