amy

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുൻ ഫാഷൻ മോഡൽ എമി ഡോറിസ്. 23 വർഷം മുമ്പ് യു.എസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിനിടെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ബ്രിട്ടീഷ് ദിനപത്രം ഗാർഡിയന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് എമി പീഡന വിവരം വെളിപ്പെടുത്തിയത്.

1997 സെപ്തംബർ അഞ്ചിന് ന്യൂയോർക്കിൽ ടൂർണമെന്റ് നടന്ന സ്റ്റേഡിയത്തിലെ വി.ഐ.പി ബോക്സിലെ ടോയ്‌ലറ്റിന് പുറത്ത് വച്ചാണ് ട്രംപ് തന്നെ പീഡിപ്പിച്ചതെന്ന് എമി ഡോറിസ് ആരോപിച്ചു. 'ടോയ്‌ലറ്റിന് പുറത്ത് വച്ച് അടുത്തേക്ക് വന്ന ട്രംപ് എന്നെ ബലം പ്രയോഗിച്ച് പിടിച്ചു നിറുത്തി. എന്റെ തൊണ്ട വരെ താഴേയ്ക്ക് അയാൾ നാവ് തള്ളിക്കയറ്റി. ഞാൻ അയാളെ ഉന്തി മാറ്റാൻ ശ്രമിച്ചു. അപ്പോൾ അയാൾ കൂടുതൽ ബലത്തിൽ എന്നെ പിടിച്ചു നിറുത്തി. എന്റെ പിൻഭാഗത്തും പുറത്തും മാറിടങ്ങളിലുമെല്ലാം എല്ലാം അയാൾ കയറിപ്പിടിച്ചു.' - എമി ഗാർഡിയനോട് വെളിപ്പെടുത്തി. 'ഞാൻ അയാളുടെ പിടിയിലായിരുന്നു, എനിക്ക് രക്ഷപെടാൻ പറ്റുമായിരുന്നില്ല.' അവർ കൂട്ടിച്ചേർത്തു. നിലവിൽ ഫ്ളോറിഡയിൽ താമസിക്കുന്ന എമി ട്രംപ് പീഡിപ്പിച്ചതിനുള്ള തെളിവുകളും ഹാജരാക്കിയിട്ടുണ്ടെന്നാണ് യു.കെ മാദ്ധ്യമത്തിന്റെ റിപ്പോർട്ട്. യു.എസ് ഓപ്പണിലേയ്ക്ക് തനിക്ക് ലഭിച്ച ടിക്കറ്റും അന്ന് ഡൊണാൾഡ് ട്രംപിനൊപ്പം പകർത്തിയ ചിത്രങ്ങളും ഗാർഡിയന് കൈമാറി. ട്രംപിന് അന്ന് 51 വയസുണ്ടായിരുന്നുവെന്നാണ് ഗാർഡിയന്റെ റിപ്പോർട്ട്. കൗമാരപ്രായത്തിലുള്ള ഇരട്ടകളായ തന്റെ പെൺമക്കൾക്ക് മാതൃകയാകാനാണ് ഈ തുറന്നുപറച്ചിലെന്നും 48കാരിയായ എമി പറഞ്ഞു. നിഷേധിച്ച് ട്രംപ് എമി ഡോറിസിനെ പീഡിപ്പിക്കുകയോ തെറ്റായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് ട്രംപ് അഭിഭാഷകർ വഴി അറിയിച്ചു. ലൈംഗികാതിക്രമം ശക്തമായി നിഷേധിച്ച ട്രംപ് ബ്രിട്ടീഷ് പത്രമായ ഗാർഡിയനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ആരോപണമാണിതെന്നും ട്രംപ് ആരോപിച്ചു.