ആലുവ: അന്ധതയെ അതിജീവിച്ച് അദ്ധ്യാപക യോഗ്യത നേടിയ മൂന്നാർ സ്വദേശി ബാലമുരുകൻ ഉപജീവന മാർഗമായ ലോട്ടറി കച്ചവടവും നിലച്ചതോടെ അഗതിമന്ദിരങ്ങളിൽ അഭയം തേടാൻ ശ്രമം. ഇത് സംബന്ധിച്ച് ബാലമുരുകൻ നവമാദ്ധ്യമങ്ങളിൽ കുറിപ്പിട്ടു. ബി.എഡ് പാസായിട്ടുള്ള ബാലമുരുകൻ ജോലി ഒന്നും കിട്ടാതായതോടെ ലോട്ടറി വിൽപ്പന നടത്തി കീഴ്മാട് മുള്ളൻകുഴിയിൽ തനിച്ച് വാടകക്ക് താമസിക്കുകയായിരുന്നു. കൊവിഡ് തന്റെ ജീവിതം തകിടം മറിച്ചതായി ബാലമുരുകൻ പറയുന്നു. ലോക്ക്ഡൗണിനെ തുടർന്ന് ലോട്ടറി വിൽപ്പനയെല്ലാം നിലച്ചു. ഇനി ജീവിതം ഒറ്റക്ക് തള്ളി നീക്കാൻ സാധ്യമല്ലെന്ന് ഈ ബിരുദധാരി പറയുന്നു. ഇനിയുള്ള ജീവിതം ഏതെങ്കിലും അഗതി മന്ദിരത്തിലോ മറ്റോ തളളി നീക്കാൻ ആഗ്രഹിക്കുന്നുവെന്നും ബാലമുരുകൻ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പിൽ വ്യക്തമാക്കി. എതെങ്കിലും ആലയങ്ങളോ, സംഘടനകളോ ഉണ്ടെങ്കിൽ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ബാലമുരുകന്റെ ഫോൺ നമ്പർ: 9847462664.