പാലാ: പാലായിലെ വെള്ളപ്പൊക്കം തടയാൻ തോടുകളിലെയും മീനച്ചിലാറ്റിലെയും മാലിന്യങ്ങളടക്കം നീക്കം ചെയ്യാനൊരുങ്ങി അധികൃതർ. കഴിഞ്ഞ ദിവസം ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് എന്നിവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് നടപടിയെന്ന് മാണി.സി കാപ്പൻ എം.എൽ.എ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മേജർ, മൈനർ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മീനച്ചിൽ താലൂക്കിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായ ഇത്തവണ കൊല്ലപ്പള്ളിയിൽ വെള്ളം കയറാതിരുന്നത് കൊല്ലപ്പള്ളി തോട്ടിലടക്കം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതിനെത്തുടർന്നായിരുന്നുവെന്ന് മാണി.സി കാപ്പൻ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വെള്ളപ്പൊക്ക സമയത്ത് ആദ്യം വെള്ളം കയറുന്നത് കൊല്ലപ്പള്ളിയിലായിരുന്നു.
എക്കലടിഞ്ഞു, വെള്ളം കയറി
വെള്ളമൊഴുക്കിന് തടസമായി ചെളിയും എക്കലും മറ്റും അടിഞ്ഞു തോടുകളുടെയും ആറിന്റെയും വീതി കുറഞ്ഞതോടെയാണ് വെള്ളപ്പൊക്കം രൂക്ഷമായത്. 2018 ലെ വെള്ളപ്പൊക്കത്തേക്കാൾ കൂടിയ വെള്ളമാണ് ഇക്കഴിഞ്ഞ മഴയിൽ കയറിയത്. ഇത് വ്യാപാരികളടക്കം നൂറുകണക്കിനാളുകളെ പ്രതികൂലമായി ബാധിച്ചു. നഗരത്തിലടക്കം പലയിടത്തും ഒരാൾ പൊക്കത്തിലേറെ കടകളിൽ വെള്ളം കയറിയിരുന്നു. കടകളിൽ ഉണ്ടായിരുന്ന സാധനങ്ങൾ കുറെയൊക്കെ പണിപ്പെട്ടു മാറ്റിയെങ്കിലും നാശനഷ്ടങ്ങളും ഏറെയുണ്ടായി. ഇതേത്തുടർന്നാണ് കൊല്ലപ്പള്ളി മാതൃകയിൽ മീനച്ചിലാറ്റിലെയും തോടുകളിലെയും എക്കലും ചെളിയും വാരിമാറ്റണമെന്ന ആവശ്യം ശക്തമായത്.
ഒഴുക്ക് സുഗമമാക്കും
മണ്ഡലത്തിലെ പഞ്ചായത്തിന്റെയും നഗരസഭയുടെയും ആസ്തിയിലുള്ള വീതിയിൽ ആഴം കൂട്ടാനും എക്കൽ, ചെളി, മാലിന്യം, മണ്ണ് എന്നിവ നീക്കം ചെയ്യാനുമാണ് പദ്ധതി. ഇതോടൊപ്പം കൈയേറ്റങ്ങൾ ഒഴിപ്പിച്ചും തോടുകളിലും മീനച്ചിലാറ്റിലും ജലത്തിന് സുഗമമായി ഒഴുകാനുള്ള സാഹചര്യം ഒരുക്കും.